സോണിയ ഗാന്ധിക്ക് ചിഹ്നം താമര
മൂന്നാർ: സോണിയ ഗാന്ധി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, ചിഹ്നം താമര. കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന പരേതനായ ദുരൈരാജിന്റെ മകളാണ് ഈ സോണിയ. മൂന്നാർ ഗ്രാമപഞ്ചായത്തിലെ നല്ലതണ്ണി വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വലിയ ആരാധകനായിരുന്നു ദുരൈരാജ്. ഇതേത്തുടർന്നാണ് മകൾക്ക് പ്രിയനേതാവിന്റെ പേരിട്ടത്. ബി.ജെ.പി പ്രവർത്തകനായ സുഭാഷാണ് സോണിയയെ വിവാഹം ചെയ്തത്. ഇതോടെ അവരും ബി.ജെ.പിക്കാരിയായി. 34കാരിയായ സോണിയ മൂന്നാർ ടൗണിലുള്ള കടയിലെ ജീവനക്കാരിയായിരുന്നു.
കോൺഗ്രസിന്റെ സമുന്നത നേതാവിന്റെ പേരുള്ള സ്ഥാനാർത്ഥിയെ ലഭിച്ചതിന്റെ ആവേശത്തിലാണ് ബി.ജെ.പി പ്രവർത്തകർ. യു.ഡി.എഫിന്റെ മഞ്ജുള രമേശും എൽ.ഡി.എഫിന്റെ എസ്. വളർമതിയുമാണ് എതിർ സ്ഥാനാർത്ഥികൾ. സോണിയയുടെ ഭർത്താവ് സുഭാഷ് ബി.ജെ.പി മൂന്നാർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ്. ഒന്നര വർഷം മുമ്പ് മൂന്നാർ മൂലക്കടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സുഭാഷ് ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്നു.