കൊല്ലംപോര് (ഡെക്ക്) പ്രതിപക്ഷത്തിരയിലും ഇടത് പ്രതിരോധം
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോൾ കൊല്ലത്തിന്റെ ചുവന്ന ആകാശത്ത് പ്രതിപക്ഷമുന്നണികളുടെ കൊടികൾ അലയടിക്കുകയാണ്. യു.ഡി.എഫും എൻ.ഡി.എയും കൊല്ലം ജില്ല പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. കൊല്ലം കോർപ്പറേഷനും മുനിസിപ്പാലിറ്റികളും 40 ഓളം പഞ്ചായത്തുകളും പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. കൊല്ലം കോർപ്പറേഷനിൽ 27 സീറ്റും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും അംഗങ്ങളുടെ എണ്ണത്തിലും വോട്ട് ശതമാനത്തിലും വലിയ വർദ്ധനയും ബി.ജെ.പി പ്രതീക്ഷിക്കുന്നു. യാതൊരു തിരിച്ചടിയും ഉണ്ടാകില്ലെന്നാണ് എൽ.ഡി.എഫിന്റെ ഉറച്ച പ്രതീക്ഷ.
കൊല്ലം കോർപ്പറേഷനും ജില്ല പഞ്ചായത്തും നാല് മുനിസിപ്പാലിറ്റികളിൽ മൂന്നും നിലവിൽ ഇടത് ഭരണത്തിലാണ്. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പ്രസിഡന്റുള്ള പരവൂർ മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റാണ്. ആകെയുള്ള 68 പഞ്ചായത്തുകളിൽ 46 ഇടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ. 22 പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫ് ഭരണം. തിരഞ്ഞെടുപ്പിൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബി.ജെ.പി ഭരണം പിടിച്ചിരുന്നു. ബി.ജെ.പി അംഗങ്ങൾ കൂറുമാറിയതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു.
പ്രതിപക്ഷ പ്രതിരോധം
തുടർച്ചയായ ഇടത് ഭരണം വികസന മുരടിപ്പും അഴിമതിയും വ്യാപകമാക്കിയെന്ന് പ്രതിപക്ഷമുന്നണികൾ ആരോപിക്കുന്നു. ശബരിമല സ്വർണക്കൊള്ളയും സർക്കാരിനെതിരെയുള്ള മറ്റ് ആരോപണങ്ങളും കൊല്ലത്തും യു.ഡി.എഫും എൻ.ഡി.എയും ആയുധമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് ഉയർത്തിയാണ് ഇതിനെ എൽ.ഡി.എഫ് പ്രതിരോധിക്കുന്നത്. സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതും ചവറ സ്വദേശിയായ ഓട്ടോ ഡ്രൈവർ തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ചതും അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും സർക്കാരിനെതിരെ ഇരുമുന്നണികളും ഉയർത്തുന്നു.
ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തതിനൊപ്പം രണ്ടായിരം രൂപയായി ഉയർത്തിയതും പുതുതായി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയും ഇടത് മുന്നണി പ്രവർത്തകർ വീടുകൾ കയറി ചർച്ചാവിഷയമാക്കുന്നു. കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒതുങ്ങാത്ത വിമതന്മാർ പലയിടങ്ങളിലും മൂന്ന് മുന്നണികൾക്കും തലവേദന ഉയർത്തുന്നുണ്ട്.