ഒരു എം.എൽ.എയും മൂന്ന് പഞ്ചായത്തും:...... പ്രാദേശിക കരുത്തിൽ ആർ.എം.പി.ഐ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറുമ്പോൾ വീണ്ടും പ്രാദേശികമായി കരുത്തുകാട്ടാനുള്ള തയ്യാറെടുപ്പിലാണ് ആർ.എം.പി.ഐ. നിലവിൽ ഒരു എം.എൽ.എയും മൂന്ന് പഞ്ചായത്ത് ഭരണവുമാണ് പാർട്ടിക്കുള്ളത്. സി.പി.എമ്മുമായി പിണങ്ങി ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വടകര കേന്ദ്രീകരിച്ച് 2008ലാണ് ആർ.എം.പി.ഐ രൂപീകരിച്ചത്. 2012ൽ ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. കഴിഞ്ഞതവണ യു.ഡി.എഫ് പിന്തുണയോടെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വടകര എം.എൽ.എയായതോടെ പാർട്ടി കൂടുതൽ കരുത്താർജിച്ചു.
കോഴിക്കോട്ടെ ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളാണ് യു.ഡി.എഫിന്റെയും ആർ.എം.പി.ഐയുടെയും നേതൃത്വത്തിലുള്ള ജനകീയ മുന്നണി ഭരിക്കുന്നത്. ഇവിടങ്ങളിൽ ഭരണം നിലനിറുത്താനാണ് ആർ.എം.പി.ഐയുടെ പോരാട്ടം. ഒഞ്ചിയത്ത് 11, ഏറാമല എട്ട്, അഴിയൂർ നാല് എന്നിങ്ങനെയാണ് ആർ.എം.പി.ഐ മത്സരിക്കുന്ന സീറ്റുകൾ.
ജനകീയമുന്നണി സംവിധാനമുള്ള തൃശൂരിലെ തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആറ് വാർഡിൽ ആർ.എം.പി.ഐ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രണ്ട് സീറ്റിൽ ജയിച്ചിരുന്നു. കഴിഞ്ഞ തവണ കുന്നംകുളം മുനിസിപ്പാലിറ്റിയിൽ ഒറ്റയ്‌ക്ക് മത്സരിച്ച് മൂന്ന് സീറ്റിൽ വിജയിച്ചിരുന്നു. ഇത്തവണ ആറു സീറ്റിലാണ് മത്സരിക്കുന്നത്.
തലസ്ഥാനത്തും സാന്നിദ്ധ്യം
തിരുവനന്തപുരം കോർപ്പറേഷനിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലും ഒാരോ സീറ്റുകളിൽ ആർ.എം.പി.ഐ മത്സരിക്കുന്നുണ്ട്. കണിയാപുരം പഞ്ചായത്തിൽ രണ്ട് സീറ്റിലും മത്സരിക്കുന്നു. കഴിഞ്ഞതവണ ഒരു വർഷം ആർ.എം.പി.ഐക്ക് പ്രസിഡന്റ് സ്ഥാനമുണ്ടായിരുന്ന കോഴിക്കോട് മാവൂർ പഞ്ചായത്തിൽ ഇത്തവണയും ഒരു സീറ്റിൽ മത്സരിക്കുന്നു. കക്കോടിയിൽ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഡിവിഷനിലേക്കും, ഒഞ്ചിയത്ത് ഒരു ജില്ലാ പഞ്ചായത്ത് സീറ്റിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റിലേക്കും മത്സരിക്കുന്നു. വടകര മുനിസിപ്പാലിറ്റിയിലും മണിയൂർ പഞ്ചായത്തിലും രണ്ടുവീതം സീറ്റിലും തിരുവള്ളൂരിൽ ഒരു സീറ്റിലും ആർ.എം.പി.ഐ മത്സരിക്കുന്നുണ്ട്.
'തദ്ദേശ തിരഞ്ഞെടുപ്പ് പാർട്ടിയുടെ ശക്തി തെളിയിക്കാനുള്ള അവസരമായാണ് കാണുന്നത്. പാർട്ടി സംഘടനാശക്തി ആർജ്ജിക്കുകയാണ്. നിരാശരായ നിരവധി പേർ പുതുതായി പാർട്ടിയുമായി സഹകരിക്കുന്നുണ്ട്".
- എൻ. വേണു, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി