അടിക്കടി

Thursday 04 December 2025 4:08 AM IST

റായ്പൂർ : റൺമഴ പെയ്‌ത ത്രില്ലർപ്പോരിൽ ഇന്ത്യയെ 4 ബോൾ ശേഷിക്കെ 4 വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ ഒപ്പമെത്തി (1-1)​. ഇന്നലെ റായ്‌പൂർ വേദിയായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (362/2)​. ഫീൽഡിംഗിൽ ഇന്ത്യ വരുത്തിയ പിഴവുകൾ തോൽവിക്ക് പ്രധാന കാരണമായി. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ചേസിംഗാണിത്. ഇന്ത്യയ്ക്കായി വിരാട് കൊഹ്‌ലിയും സെഞ്ചുറി നേടിയപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കായി എയ്ഡൻ മർക്രവും സെഞ്ച്വറി കുറിച്ചു. ശനിയാവ്‌ച വിശാഖപട്ടണത്താണ് പരമ്പരയിലെ നിർണായകമായ അവസാന മത്സരം.

മക്രത്തിന്റെ അക്രമം

ഓപ്പണർ എയ്ഡൻ മർക്രത്തിന്റെ (98 പന്തിൽ 110)​ സെഞ്ച്വറിയുടെ ചിറകിലേറിയാണ് ദക്ഷിണാഫ്രിക്ക വമ്പൻ വിജയലക്ഷ്യത്തിലേക്ക് ചുവടുവച്ചത്.10 ഫോറും 4 സിക്സും മർക്രത്തിന്റെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. മാത്യു ബ്രീറ്റ്‌സ്‌കെ (68)​,​ ഡെവാൾഡ് ബ്രെവിസ് (34 പന്തിൽ 54)​,​ ക്യാപ്‌ടൻ ടെംബ ബവുമ (48)​ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോണി ഡെ സോർസി ( 17 റിട്ടയേർഡ് ഹർട്ട്)​ ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് മടങ്ങിയതിന് പിന്നാലെ മാർക്കോ ജാൻസണും (2)​ പുറത്തായെങ്കിലും കോർബി‍ൻ ബോഷ്(പുറത്താകാതെ 29)​ കേശവ് മഹാരാജിനൊപ്പം (പുറത്താകാതെ 10)​ മനോഹരമായി ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു.

അടിപൊളി

തുടർച്ചയായ രണ്ടാം സെ‌ഞ്ച്വറിയുമായി വിരാട് കൊഹ്‌ലിയും (93 പന്തിൽ 102), കന്നി സെഞ്ച്വറിയുമായി റുതുരാജ് ഗെയ്ക്‌വാദും (83 പന്തിൽ 105) ക്യാപ്‌ടന്റെ ഇന്നിംഗ്‌സുമായി കെ.എൽ രാഹുലും (പുറത്താകാതെ 43 പന്തിൽ 63) തിളങ്ങിയപ്പോ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലെത്തി.

രോഹിത് ശർമ്മയും (14), യശ്വസി ജയ്‌സ്വാളും (22) ഓപ്പണിംഗിൽ 4.5 ഓവറിൽ 40 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തന്നെ തുടർച്ചയായി ബൗണ്ടറി കടത്തി നന്നായി ബാറ്ര് ചെയ്തു വരികയായിരുന്ന രോഹിതിനെ കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈയിൽ എത്തിച്ച് നാന്ദ്രേ ബർഗറാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ജയ്‌സ്വാളിനെ മാർക്കോ ജാൻസൺ കോർബിൻ ബോഷിന്റെ കൈയിൽ എത്തിച്ചു. സ്കോർ 62/2 എന്ന നിലയിലായി അപ്പോൾ. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച വിരാട് കൊഹ്‌ലിയും റുതുരാജ് ഗെയ്‌ക് ‌വാദും കൂടി റെക്കാഡ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മിികച്ച സ്കോറിലേക്ക് നയിച്ചു. ആദ്യം റുതുവും പിന്നാലെ കൊഹ്‌ലിയും അർദ്ധ സെ‌ഞ്ച്വറി തികച്ചു. ദക്ഷിണാഫ്രിക്കൻ ബൗളിംഗിനെ സമർത്ഥമായി നേരിട്ട ഇരുവരും 30 ഓവറിൽ ഇന്ത്യയെ 200 കടത്തി. 77 പന്തിൽ റുതു സെഞ്ച്വറിയിലുമെത്തി. ടീം സ്കോർ 257ൽ വച്ച് റുതുവിനെ പുറത്താക്കി മാർക്കോ ജാൻസണാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് റുതുവിന്റെ ഇന്നിംഗ്‌സ്.

156 പന്തിൽ 3-ാം വിക്കറ്റിൽ കൊഹ്‌ലിയും റുതുവും 195 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. പകരം രാഹുൽ ക്രീസിലെത്തി. അധികം വൈകാതെ കൊഹ്‌ലി 52-ാം ഏകദിന സെഞ്ച്വറിയിലെത്തി. പിന്നാലെ എൻഗിഡി മടക്കി. കൊഹ്‌ലി 7 ഫോറും 2 സിക്സും നേടി. വാഷിംഗ്ടൺ സുന്ദർ (1) റണ്ണൗട്ടായി വന്നപോലെ മടങ്ങി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചാണ് (പുറത്താകാതെ 24) രാഹുൽ ഇന്ത്യയെ 358ൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ജാൻസൺ 2 വിക്കറ്റ് വീഴ്‌ത്തി. ബർഗർ ഹാംസ്ട്രിംഗിനെ ഇഞ്ചുറിയെ തുടർന്ന് ഇടയ്ക്ക് മടങ്ങി.