മോഹിത് ശർമ്മ വിരമിച്ചു

Thursday 04 December 2025 4:13 AM IST

ന്യൂഡൽഹി: ഇന്ത്യൻ പേസർ മോഹിത് ശർമ്മ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ഇന്നലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 37കാരനായ മോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 26 ഏകദിനങ്ങളിൽ നിന്ന് 31 വിക്കറ്റും 8 ട്വന്റി-20 കളിൽ നിന്ന് 6 വിക്കറ്റും നേടി. 2015ലെ ഏകദിന ലോകകപ്പ് ടീമിലും അംഗമായിരുന്നു. ഐ.പി.എല്ലിൽ മിന്നിത്തിളങ്ങിയ മോഹിത് ചെന്നൈ സൂപ്പർകിംഗ്സ്,​ കിംഗ്‌സ് ഇലവൻ പഞ്ചാബ്.ഡൽഹി ക്യാപിറ്റൽസ്,​ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളിൽ കളിച്ചു. 120 ഐ.പി.എൽ മത്സരങ്ങ‍ളിൽ നിന്ന് 134 വിക്കറ്റുകളും സ്വന്തമാക്കി. 4 ഐ.പി.എൽ ഫൈനലുകളിലും കളിച്ചിട്ടുണ്ട്,. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഹരിയാനയ്ക്കായി 44 മത്സരങ്ങളിൽ നിന്ന് 127 വിക്കറ്റുകൾ നേടി

ഇഞ്ചുറിയിൽ കൊമ്പുകുത്തി കൊമ്പൻസ്

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ നിശ്ചിത സമയത്ത് 1-0ത്തിന് മുന്നിലായിരുന്ന തിരുവനന്തപുരം കൊമ്പൻസ് ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ വഴങ്ങി കാലിക്കറ്റ് എഫ്.സിയോട് തോറ്റു (2-1)​.

അപ്രതീക്ഷിത തോൽവി കൊമ്പൻസിന്റെ സെമി സാധ്യതകൾക്ക് മേൽ കരിനിഴലായി.ഇനി ഇന്ന് മലപ്പുറം എഫ്സി, ഫോഴ്‌സ കൊച്ചിയോട് തോറ്റാൽ മാത്രമേ കൊമ്പൻസിന് സെമി സാധ്യതയുള്ളു.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പത്താം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കൊമ്പൻസിനായി പൗലോ വിക്ടറും (16-ാം മിനിട്ട്)​,​ കാലിക്കറ്റിനായി റിങ്കണും (90+5)​ അജ്സലും ഗോൾ നേടി. സാങ്കേതിക കാരണങ്ങളാൽ മത്സരം താമസിച്ചാണ് തുടങ്ങിയത്. ടേബിളിൽ ഒന്നാമതുള്ല കാലിക്കറ്റ്‌ എഫ്.സിയും രണ്ടാമതുള്ല തൃശൂർ മാജിക് എഫ്.സിയും നേരത്തെ തന്നെ സെമി ഉറപ്പി‌പ്പിച്ചിരുന്നു. കൊമ്പൻസ് തോറ്റതോടെ 13 പോയന്റുള്ള കണ്ണൂർ ഇതോടെ സെമിയിൽ സ്ഥാനം ഉറപ്പിച്ചു. 12 പോയിന്റുള്ല കൊമ്പൻസ് നിലവിൽ നാലാമതാണ്.

ആഷസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

ഗാബ: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ല ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മുതൽ ബ്രിസ്ബേണിലെ ഗാബ സ്റ്റേഡിയത്തിൽ നടക്കും. പിങ്ക് പന്ത് ഉപയോഗിച്ച് നടക്കുന്ന ഡേ-നൈറ്റ് മത്സരമാണിത്. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം തുടങ്ങും. ആദ്യ.മത്സരത്തിൽ ജയിച്ച ഓസീസ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.