രാഹുലിനെതിരായ രണ്ടാമത്തെ പീഡനക്കേസ്; യുവതി പരാതി നൽകിയത് സുഹൃത്തിന്റെ സഹായത്തോടെ, വിവരങ്ങൾ ശേഖരിച്ച് പൊലീസ്

Thursday 04 December 2025 8:16 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രണ്ടാമതായി ലൈംഗികപീഡന പരാതി നൽകിയ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കർ‌ണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്. ഈ കേസിന്റെ എഫ്ഐആർ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സമർപ്പിക്കും.

രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. രാഹുലില്‍ നിന്ന് കടുത്ത ശാരീരിക പീഡനമാണ് ഏല്‍ക്കേണ്ടിവന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വിവാഹം ഉള്‍പ്പെടെയുള്ള ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം മുറിയില്‍ കയറിയതോടെ നിര്‍ബന്ധിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.പീഡനത്തിന് ശേഷം ഒരു മനസാക്ഷിയുമില്ലാതെ എത്രയും വേഗം വേഷം മാറി അവിടെ നിന്ന് പോകാനാണ് രാഹുല്‍ ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.

പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കണമെന്ന് രാഹുല്‍ പറഞ്ഞതനുസരിച്ച് വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നും എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായപ്പോള്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.വീട്ടുകാര്‍ക്ക് സമ്മതമാണെന്ന് അറിയിച്ചപ്പോള്‍ താന്‍ വീട്ടുകാരേയും കൂട്ടി വരാം എന്നാണ് രാഹുല്‍ പ്രതികരിച്ചത്. പിന്നീട് താന്‍ നാട്ടിലേക്ക് വന്നപ്പോള്‍ നേരിട്ട് കാണണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു.

ഫെനി നൈനാന്‍ എന്ന സുഹൃത്തിന്റെ വാഹനത്തിലാണ് നഗരത്തിന് പുറത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് പോയത്. പിന്നീട് ഇയാളാണ് വാഹനത്തില്‍ കയറ്റി വീട്ടില്‍ കൊണ്ട് ആക്കിയതെന്നും യുവതി പറയുന്നു. പീഡനത്തിന് ശേഷം താന്‍ ആരേയും വിവാഹംകഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയഭാവിക്ക് അത് നല്ലതല്ലെന്നുമാണ് രാഹുല്‍ പറഞ്ഞതെന്നും യുവതി പറയുന്നു.