വോട്ടർമാരെ സ്വാധീനിക്കാൻ കിണഞ്ഞ് പരിശ്രമം; യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ കണ്ടെടുത്തു

Thursday 04 December 2025 8:28 AM IST

വയനാട്: യുഡിഎഫ്‌ സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കല്പറ്റ നഗരസഭ അഞ്ചാംവാർഡ്‌ എമിലിയിലെ മുസ്‍ലിംലീഗ്‌ സ്ഥാനാർത്ഥി കെ ചിത്രയുടെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തത്‌. 15 കിറ്റുകളാണ് പിടിച്ചെടുത്തതെന്ന് കല്പറ്റ പൊലീസ് അറിയിച്ചു.

ഓട്ടോറിക്ഷയിലെത്തിച്ച കിറ്റുകൾ വീട്ടിലേക്ക് ഇറക്കിവയ്ക്കുന്നതിനിടെയാണ് പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥാനാർത്ഥിയുടെ വീട്ടിലെത്തിയത്. ഭക്ഷ്യക്കിറ്റുകൾ കസ്റ്റഡിയിലെടുത്തെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കല്പറ്റ ഇൻസ്പെക്ടർ എ യു ജയപ്രകാശ് പറഞ്ഞു. യുഡിഎഫ് ഭക്ഷ്യക്കിറ്റ്‌ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ്‌ നേതാക്കൾ ആരോപിച്ചു.