'മൃഗീയമായി പീഡിപ്പിച്ചു, ശരീരത്തിൽ മുറിവേറ്റ പാടുകൾ'; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയുടെ എഫ്ഐആർ പുറത്ത്

Thursday 04 December 2025 10:04 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്​റ്റർ ചെയ്ത രണ്ടാമത്തെ പീഡനക്കേസിന്റെ എഫ്‌ഐആർ പുറത്ത്. 2023ൽ രാഹുൽ പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. ഇന്നലെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാഹുലിനെതിരെ കേസെടുത്തത്. എഫ്‌ഐആറിൽ പരാതിക്കാരിയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഈമെയിലിലൂടെ ലഭിച്ച പരാതിയെന്നാണ് എഫ്‌ഐആറിൽ പരാമർശിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സജീവനാണ് എഫ്‌ഐആർ രജിസ്​റ്റർ ചെയ്തത്. സോഷ്യൽമീഡിയ വഴിയാണ് രാഹുൽ യുവതിയുടെ പേരും മ​റ്റുവിവരങ്ങളും ശേഖരിച്ചത്. തുടർന്ന് സൗഹൃദത്തിലാകുകയായിരുന്നു. വിവാഹനിശ്ചയം ഉറപ്പിക്കാമെന്ന് തീരുമാനമായതോടെ വീട്ടിലേക്കുപോയ യുവതിയെ രാഹുൽ സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായെന്നാണ് എഫ്‌ഐആറിലുള്ളത്. എവിടെവച്ചാണ് പീഡനം നടന്നതടക്കമുള്ള മൊഴികൾ യുവതിയിൽ നിന്ന് ശേഖരിക്കേണ്ടതുണ്ട്.

അതേസമയം, ആദ്യ പീഡനപരാതിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി ഇന്ന് പുറത്തുവരും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുലിന്റെ അപേക്ഷപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ വാദം കേട്ടത്. ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വാദി, പ്രതിഭാഗങ്ങൾ നടത്തിയ വാദം ഒന്നര മണിക്കൂറിലേറെ നീണ്ടിരുന്നു. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

ബലാത്സംഗം നടന്നുവെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിവേണമെന്ന് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുൽ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.