രാഹുലിന് പാർട്ടിയിൽ മാത്രമല്ല പൊലീസിലും പിടിയുണ്ട്? നീക്കങ്ങളെല്ലാം ആ നിമിഷം അറിയും
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നത് കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെയെന്ന സംശയത്തിൽ പൊലീസ്. പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവിന്റെ റിസോർട്ടിൽ രാഹുൽ ഒഴിവിൽ കഴിയുന്നു എന്ന സംശയത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണ സംഘത്തിലെ കുറച്ചുപേർ ഇവിടെ തുടരുന്നതായി റിപ്പോർട്ടുണ്ട്. കർണാടകയിൽ നിന്ന് പൊരിക്കല്ലൂർ വഴി പുൽപ്പള്ളിയിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ ചെക്‌പോസ്റ്റുവഴി പോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കുന്നുണ്ട്. മറ്റ് അപ്രധാന വഴികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം കർണാടക-വയനാട് അതിർത്തിയിലെ തോട്ടങ്ങൾ പൊലീസ് അരിച്ചുപെറുക്കുന്നുണ്ട്. രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്യയിലാണെന്ന് കണ്ടെത്തിയിരുന്നു. അതിനാലാണ് ഈ മേഖലയിൽ തിരച്ചിൽ ശക്തമാക്കിയത്. മുൻകൂർ ജാമ്യം തളളിയാൽ ഉടൻ രാഹുൽ കീഴടങ്ങാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനുമുമ്പ് അറസ്റ്റുചെയ്യണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. അതിനാൽ കോടതികൾക്ക് സമീപത്തും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാഹുൽ പിടിയിലായെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പൊലീസ് അതെല്ലാം തള്ളി. രാഹുൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് അവർ പറയുന്നത്. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഒളിയിടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ രാഹുലിനെ സഹായിക്കുന്നത് പൊലീസുകാർ തന്നെയാണോ എന്ന സംശയവും ബലപ്പട്ടിട്ടുണ്ട്. ഇത് ആരെന്ന് കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ എല്ലാ നീക്കങ്ങളും രഹസ്യമായിരിക്കണമെന്നും ഒരു നീക്കവും പുറത്തുപാേകരുതെന്നും കർശന നിർദ്ദേശമുണ്ട്.