'പരാതിക്കാരിയെ അപമാനിച്ചിട്ടില്ല, കേസ് പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ'; മുഖ്യമന്ത്രിക്ക് പരാതി നൽകി സന്ദീപ് വാര്യർ

Thursday 04 December 2025 12:55 PM IST

പാലക്കാട്: തനിക്കെതിരെ ഉയർന്നുവന്ന സൈബർ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇമെയിലിലൂടെയാണ് പരാതി അയച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിക്കെതിരെയാണ് സന്ദീപ് വാര്യരുടെ നീക്കം.

യുവതിയുടെ വിവാഹദിവസമാണ് അവര്‍ക്കൊപ്പം നിന്ന് ചിത്രം എടുത്തത്. ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച സമയത്ത് രാഹുലിനെതിരെ യുവതി പരാതി നല്‍കിയിരുന്നില്ല. യുവതിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ അത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തുവെന്നും സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്നീ ആരോപണങ്ങളുന്നയിച്ചാണ് രാഹുലിനെതിരെ യുവതി പരാതി നൽകിയത്.

അതേസമയം,​ പരാതിക്കാരിയെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ആക്ടിവിസ്റ്റായ രാഹുൽ ഈശ്വറിനെ ഞായറാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് സന്ദീപ് വാര്യരെ സൈബർ പൊലീസ് പ്രതി ചേർത്തത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.