ലക്ഷങ്ങൾ കൊയ്യാൻ പുതിയ ഐഡിയ, ഒറ്റ മുറിയുണ്ടെങ്കിൽ കാര്യം എളുപ്പത്തിൽ നടക്കും
ചെറുതുരുത്തി: അദ്ധ്യാപന ജീവിതം അവസാനിച്ചതോടെ മൈക്രോഗ്രീൻ കൃഷിയിൽ നൂറുമേനി വിളയിച്ച് റിട്ട.അദ്ധ്യാപിക. ചെറുതുരുത്തി പുതുശേരി അരുണിമയിൽ ഡി.രമാദേവിയാണ് വ്യത്യസ്ത കൃഷിരീതിയായ മൈക്രോഗ്രീൻ പരീക്ഷിച്ച് വിജയം കൊയ്തത്. സലാഡുകളിൽ ചേർത്ത് പച്ചയ്ക്ക് മാത്രം കഴിക്കുന്ന മൈക്രോഗ്രീൻ ഇലവർഗങ്ങളാണ് ഈ രീതിയിൽ കൃഷി ചെയ്‌ത് മാർക്കറ്റുകളിലെത്തിക്കുന്നത്.
റാഡിഷ് വെള്ള, പർപ്പിൾ, പിങ്ക്, അമേരിക്കൻ മസ്റ്റാർഡ് യെല്ലോ, ഗ്രീൻ, പോച്ചോ, സലാഡ് ലീഫ്, കോറിയാൻഡർ, ഫെനു ഗ്രീക്ക് തുടങ്ങിയ മൈക്രോഗ്രീൻ ഇലവർഗങ്ങളുടെ വിവിധ ഇനങ്ങളാണ് ഫാമിൽ ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തിൽ മൈക്രോഗ്രീൻ ഇലവർഗങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് യു.കെയിലെ മകൻ പകർന്നു നൽകിയ അറിവിൽ തുടങ്ങിയതാണ് ഈ കൃഷിയിലുള്ള താത്പര്യം. പിന്നീട് ജോലിയിൽനിന്ന് വിരമിച്ചശേഷം വിവിധ സ്ഥലങ്ങളിൽപോയി പഠനങ്ങൾ നടത്തി സ്വന്തമായി വീട്ടിൽ മൈക്രോഗ്രീൻ ഫാം നിർമ്മിച്ചു.വില്പനയ്ക്ക് പുറമെ പൂർവ വിദ്യാർത്ഥികൾക്കും സമീപവാസികൾക്കും ഇവ സൗജന്യമായും നൽകുന്നുണ്ട്. ഒപ്പം കൃഷി രീതിയുടെ ഗുണങ്ങളും പകർന്നു നൽകുന്നുണ്ട് ഈ റിട്ട.അദ്ധ്യാപിക. ഭർത്താവ് വേണുഗോപാൽ, മകൻ അരുൺ, മകൾ അദ്ധ്യാപികയായ ആതിര എന്നിവർ കൃഷിയിൽ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
പ്രത്യേക മുറിയും പരിചരണവും
ഇലക്കറികളുടെ വിത്തുകൾ നിശ്ചിത ദിവസം മുളപ്പിച്ചെടുത്ത് ഉപയോഗിക്കുന്ന കൃഷിരീതിയാണ് മൈക്രോഗ്രീൻ. കൃത്രിമമായ വെളിച്ചവും താപനിലയും നിയന്ത്രിത വായുസഞ്ചാരവും വൃത്തിയുള്ള മുറികളും വേണം. പ്രത്യേക ട്രേകളിൽ ഈർപ്പം നൽകുന്ന തരത്തിൽ വിത്തുകൾ വിതറി അവ അടച്ചു തട്ടുകളിൽ സജ്ജീകരിക്കും. ദിവസങ്ങൾക്കുള്ളിൽ അവ മുളച്ചുപൊന്തും. നിശ്ചിത വളർച്ച എത്തുമ്പോൾ അവ മുറിച്ചെടുത്ത് പായ്ക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിക്കും.
ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ വിഷ രഹിത ഭക്ഷണം കഴിക്കാൻ മനസിൽ തോന്നിയ ആശയമാണ് പ്രാവർത്തികമാക്കിയത്. ഡി.രമാദേവി