പാർട്ടിയും കൈവിട്ടു; രാഹുലിനെ പുറത്താക്കി കോൺഗ്രസ്, നടപടി എഐസിസി അനുമതിയോടെ
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. ഇതുസംബന്ധിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി. എഐസിസിയുടെ അനുമതിയോടെയാണ് നടപടി. എംഎൽഎ സ്ഥാനം സ്വയം ഒഴിയുന്നതാണ് ഉചിതമെന്നും കെപിസിസി അദ്ധ്യക്ഷൻ അറിയിച്ചു. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി. അതിനാൽ, ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കാം.
'രാഹുലിനെ പുറത്താക്കിയത് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിച്ചതാണ്. എല്ലാ സന്ദർഭങ്ങളിലും മാതൃകാപരമായ തീരുമാനങ്ങളാണ് കോൺഗ്രസ് പാർട്ടി എടുക്കാറുള്ളത്. എഐസിസിയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. മാദ്ധ്യമങ്ങളിൽ ആദ്യം ആക്ഷേപങ്ങൾ വന്നപ്പോൾ തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി. പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കി. കെപിസിസിക്ക് പരാതി കിട്ടിയപ്പോൾ അത് ഉടനെ ഡിജിപിക്ക് കൈമാറി. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎമ്മിനെപ്പോലെ അല്ല കോൺഗ്രസ് എപ്പോഴും ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനങ്ങൾക്കറിയാം. ഇത് തിരഞ്ഞെടുപ്പിനെ ഒരു രീതിയിലും ബാധിക്കില്ല' - സണ്ണി ജോസഫ് പറഞ്ഞു.