ചെങ്കടലിലെ കപ്പൽ ആക്രമണം; യെമൻ തടഞ്ഞുവച്ച മലയാളി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു

Thursday 04 December 2025 3:25 PM IST

ആലപ്പുഴ: ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ അനിൽകുമാർ ഉടൻതന്നെ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിന് വേണ്ടി ഇടപെട്ട ഒമാന് ഇന്ത്യ നന്ദി അറിയിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ രവീന്ദ്രൻ. കപ്പലിലെ മറ്റ് പത്തുപേരെയും നേരത്തേ മോചിപ്പിച്ചിരുന്നു.

ജൂലായ് ഏഴിനാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫീസറായ അനിൽകുമാർ ഉൾപ്പെടെ 11പേരെ കാണാതായത്. ജൂലായ് അവസാനം പത്തിയൂർക്കാല ശ്രീജാലയം വീട്ടിലേക്ക് അനിൽകുമാർ രവീന്ദ്രന്റെ ഫോൺകോൾ എത്തിയിരുന്നു. താൻ യമനിലുണ്ടെന്നും ഉടൻ എത്താനാകുമെന്നുമാണ് അനിൽ ഭാര്യ ശ്രീജയോട് അന്ന് പറഞ്ഞത്. നിമിഷങ്ങൾ മാത്രം നീണ്ട ഫോൺവിളിയിൽ മകൻ അനൂജിനോടും സംസാരിച്ചു. ഉടൻതന്നെ അനിലിന്റെ കോൾ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറി.

മെയനിൽ ഇന്ത്യയ്‌ക്ക് എംബസി ഇല്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നുപേർ ആക്രമണത്തിനിടെ മരിച്ചു. ഒരാൾക്ക് മാരകമായി മുറിവേറ്റു.

21 പേർ കടലിൽച്ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ പത്തുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. അനിൽ ഉൾപ്പെടെയുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെത്തുടർന്ന് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.