എക്സൈസ് സൈബർ സെൽ, ക്ഷമവേണം, സമയമെടുക്കും!
കൊച്ചി: ശുപാർശകൾ പലതവണകളായി നൽകിയിട്ടും എക്‌സൈസിന് സ്വന്തമായൊരു സൈബർ സെൽ എന്ന ആവശ്യത്തോട് മുഖംതിരിച്ച് ആഭ്യന്തരവകുപ്പ്. സാമൂഹികമാദ്ധ്യമങ്ങൾ വഴിയും മറ്റും ലഹരിക്കടത്തുകൾ വർദ്ധിക്കുമ്പോഴും ഉറവിടങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനും ഇന്നും പൊലീസ് സൈബർ സെല്ലിന്റെ മുന്നിൽ കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണ്. പൊലീസിന്റേത് തന്നെ നൂറുകണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഈ കേസുകൾക്കാണ് അവരുടെ സൈബർ വിഭാഗം ആദ്യപരിഗണന നൽകുന്നത്. അതിനാൽ എക്‌സൈസിന്റെ കേസന്വേഷണങ്ങൾ പലതും ഇഴയുകയുകയാണ്.
നടപടി നീളുന്നു
വിമുക്തി പദ്ധതിയിൽ ഉൾപ്പെടുത്തി എക്‌സൈസ് ഐ.ടി സെൽ വികസിപ്പിക്കാൻ ലക്ഷ്യമിട്ടെങ്കിലും ഫലം കണ്ടില്ല. ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ നിയമമനുസരിച്ച് സംസ്ഥാനത്ത് സൈബർ സെൽ സ്ഥാപിക്കാൻ അനുവാദമുള്ള ഏക നോഡൽ ഏജൻസി പൊലീസാണ്. എക്‌സൈസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി ഒരു പൊലീസ് സൈബർ സെൽ സ്ഥാപിക്കുകയാണ് പോംവഴി. ഇതിന് അധികൃതർ മുൻകൈയെടുക്കാത്തതാണ് നടപടികൾ നീളാൻ കാരണം.
എക്‌സൈസ് ഐ.ടി സെല്ലിന് ഓരോ ജില്ലയിലും രണ്ട് സാങ്കേതിക വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പട്രോളിംഗ് നടത്തുകയും മൊബൈൽ ടവർ ലൊക്കേഷനും കോൾ ഡീറ്റെയിൽസ് റെക്കാർഡുകളും ലഭിക്കുന്നതിന് പൊലീസുമായി ആശയവിനിമയം നടത്തുകയുമാണ് ഇവരുടെ പ്രധാന ജോലി. സംഘടിത മയക്കുമരുന്ന് റാക്കറ്റിനെ തകർക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ എക്‌സൈസിന് ശരിയായ സൈബർ സെൽ ഇല്ലായെന്നതാണ് വാസ്തവം.
ഹൈടെക്ക് ഇടപാട്
ലഹരിക്കച്ചവടവും ഇടപാടുകളും ഇപ്പോൾ ഹൈടെക്കാണ്. ടെലിഗ്രാം പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ഇടപാടുകാർ ആശയവിനിമയം നടത്തുന്നത്. ഏതാനും മാസം മുമ്പ് കൊച്ചിയിൽ എക്‌സൈസ് പിടികൂടിയ യുവാവ് ഓൺലൈനിലൂടെ പണം വാങ്ങിയശേഷം രാത്രിയിൽ മയക്കുമരുന്ന് എത്തിച്ചുനൽകുന്ന രീതിയാണ് സ്വീകരിച്ചുവന്നത്. ഇത്തരം കേസുകളിൽ പിടികൂടുന്നവരുടെ ഫോണും കോൾവിവരങ്ങളും ശേഖരിക്കേണ്ടത് തുടരന്വേഷണത്തിന് അനിവാര്യമാണ്. എന്നാൽ കുറ്റമറ്റ സൈബർ സെല്ലില്ലാത്തതിനാൽ പല കേസുകളും ഇഴയുകയാണ്.
പൊലീസിനോട് കിടപിടിക്കും
പൊലീസിന്റെ സൈബർ സെല്ലിനോട് കിടപിടിക്കുന്ന സംവിധാനം വേണമെന്നാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. മാത്രമല്ല ഡാർക്ക് വെബ് ഉൾപ്പെടെയുള്ളവയിൽ കടന്നുകയറണമെങ്കിൽ പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തണം. എന്നാൽ ഒരെണ്ണത്തിന് തന്നെ 40 ലക്ഷം രൂപയ്ക്കടുത്താണ് വില. ഓൺലൈനിലെ ഓരോ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും സംശയമുള്ളവരെ നിരീക്ഷിക്കാനും ഇത്തരം സോഫ്‌റ്റ്‌വെയറുകൾ അനിവാര്യമാണ്.