'അതിജീവിതമാർ നേരിട്ടത് ക്രൂരപീഡനം, നീതി ലഭിക്കാൻ നിമിത്തമായതിൽ ചാരിതാർത്ഥ്യം'; റിനി ആൻ ജോർജ്

Thursday 04 December 2025 4:01 PM IST

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ളത് ക്രൂര പീഡനമാണ്. അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്നും റിനി പറഞ്ഞു.

'സത്യം തന്നെ ജയിക്കും. ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ആരോപണം. ഇപ്പോൾ കോടതി തന്നെ ആരോപണങ്ങളൊന്നും കെട്ടിച്ചമച്ചതല്ലെന്ന സൂചനകൾ നൽകിയിരിക്കുകയാണ്. അത്രയും വിഷമത്തോടുകൂടി പറഞ്ഞുപോയ കാര്യങ്ങൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. എന്നാൽ, എന്റെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതിൽ അത്യന്തം ചാരിതാർത്ഥ്യമുണ്ട്.

ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണം. നീതി കണ്ടെത്തണം. പലർക്കും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഞാൻ പറയുന്നത്. അതിജീവിതകൾ തങ്ങളുടെ ട്രോമയുമായി വീട്ടിലിരിക്കരുത്. സ്‌ത്രീപക്ഷ നടപടി സ്വീകരിച്ചതിന് കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി പറയുന്നു' - റിനി പറഞ്ഞു.