കുട പിടിച്ച് സ്ഥാനാർത്ഥികൾ

Friday 05 December 2025 1:23 AM IST

കോലഞ്ചേരി: മുന്നണി സ്വതന്ത്രനായാലും സാദാ സ്വതന്ത്രനായാലും മിക്ക സ്ഥാനാർത്ഥികൾക്കും കുട ചിഹ്നത്തോടാണ് താത്പര്യം. ഓർത്തിരിക്കാനും വരയ്ക്കാനും പറയാനും എളുപ്പം. ചിഹ്നം കൈയിൽ കരുതുകയും ചെയ്യാം. ജീവിതത്തിൽ ഒരിക്കലെങ്കിലും കുടയെ ആശ്രയിക്കാത്തവർ നമുക്കിടയിൽ ആരുമില്ല, അതുകൊണ്ട് തന്നെ ജനമനസിൽ പെട്ടെന്ന് പതിയുമത്രെ. പലതരത്തിലും ഉപകാരിയായ കുടയോട് നമുക്കുള്ള മനോഭാവം തന്നെയാണ് സ്ഥാനാർത്ഥികൾക്ക് കുടയോടുള്ള പിടിക്കു പിന്നിൽ.

കുടക്കാർ 39 പേർ

കുന്നത്തുനാട് മേഖലയിലെ ഏഴ് പഞ്ചായത്തുകളിലായി 39 കുടക്കാരുണ്ട്. കുന്നത്തുനാട്ടിൽ 2, കിഴക്കമ്പലത്ത് 6, ഐക്കരനാട്ടിൽ 11, പുത്തൻകുരിശിൽ 8, മഴുവന്നൂരിൽ 5, പൂതൃക്കയിൽ 2, തിരുവാണിയൂരിൽ 5 എന്നിങ്ങനെയാണ് കണക്ക്.

എതിർസ്ഥാനാർത്ഥി കുടുങ്ങും

കുട ചിഹ്നമുള്ള സ്ഥാനാർത്ഥിയുടെ എതിർ സ്ഥാനാർത്ഥിയാണ് യഥാർത്ഥത്തിൽ വെട്ടിലാവുക. വെയിലായാലും മഴയായാലും കുട ചൂടി വോട്ടു പിടിക്കാനാവില്ല. അത് എതിരാളിക്ക് വോട്ട് ചോദിക്കുന്നതു പോലെയാകും.