'ആ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന് സരിൻ അന്ന് പറഞ്ഞതാണ്'

Thursday 04 December 2025 4:41 PM IST

പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് ഡോ. സൗമ്യ സരിൻ. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നതാണ് ഇപ്പോൾ രാഹുലിന് സംഭവിച്ചിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് രാഹുലിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് തന്റെ ഭർത്താവ് സരിൻ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാർത്ഥിയാകാൻ വേണ്ടിയല്ലെന്നും സൗമ്യ ഫേസ്‌ബുക്കിൽ കുറിച്ചു. ഈ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവയ്‌ക്കരുത് എന്നതായിരുന്നു സരിൻ മുന്നോട്ടുവച്ച ഒരേ ഒരാവശ്യം എന്നും സൗമ്യ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം:

കാലത്തിന് ഒരു കാവ്യനീതി ഉണ്ട്..

അത് നടക്കുക തന്നെ ചെയ്യും!

ഇന്നല്ലെങ്കിൽ നാളെ...

എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും!

ഇന്നല്ലെങ്കിൽ നാളെ...

ഇവിടെ അത് വളരെ വേഗത്തിൽ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളു...

ഇനിയും ഒരു നൂറു തിരഞ്ഞെടുപ്പുകൾ തോറ്റാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞു അധിക്ഷേപിച്ചാലും ഈ ചിരി ഇവിടെ തന്നെ കാണും!

കാരണം ഇത് ഒന്നും ഒളിക്കാനും മറക്കാനും ഇല്ലാത്തവന്റെ ചിരിയാണ്...

അമ്മയാര് പെങ്ങളാര് എന്ന് വ്യക്തമായി തിരിച്ചറിയുന്നവന്റെ ചിരിയാണ്...

അത്രയും മതിയെന്നേ!

എനിക്ക് ഇയാളെ അഭിമാനത്തോടെ എന്റെ ജീവിത പങ്കാളി എന്ന് വിളിക്കാനും എന്റെ മോൾക്ക് അഭിമാനത്തോടെ തന്റെ അച്ഛൻ എന്ന് വിളിക്കാനും അത്രയും മതിയെന്നേ!

പാലക്കാട്‌ എലെക്ഷൻ റിസൾട്ട്‌ വന്ന മുതൽ ആ sexual pervert ൻറെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങൾ പറഞ്ഞ ഭാഷയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല...

ക്ഷമയോടെ കാത്തിരുന്നതാണ്...

ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ" എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാൻ!

എല്ലാവരും പറഞ്ഞു പരത്തിയ പോലെ 'എന്നേ സ്ഥാനാർഥി ആക്കണം' എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുത് എന്നതായിരുന്നു സരിൻ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം! പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രയും പ്രതീക്ഷയറ്റാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അത് തീർത്തും സരിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ അതിലെ തെറ്റും ശരിയും ആപേക്ഷികവുമാണ്. എല്ലാവരുടെയും ശെരി ഒന്നാവില്ലല്ലോ...

ഇപ്പറഞ്ഞതെല്ലാം അറിയേണ്ടവർക്ക് വ്യക്തമായി അറിയാം!

ഇപ്പോഴല്ല, എന്നേ അറിയാം!

പിന്നെ ഇപ്പൊ ഇത്രയും "രാഷ്ട്രീയം" പറഞ്ഞതിന് ഒരു കാരണമേ ഉള്ളു. ഈ പാർട്ടി നിലനിൽക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആവശ്യം കൂടിയാണ്. ഇങ്ങനെ ഒരു ആഭാസന് വേണ്ടി കുനിയേണ്ടതല്ല ഇതിൽ വിശ്വസിക്കുന്ന ആത്മാർത്ഥരായ അണികളുടെ തലകളെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. അത്ര മാത്രം!

ഒന്നിലും അഹങ്കരിക്കാതിരിക്കാനും ആരുടെ വീഴ്ചയിലും സന്തോഷിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

പക്ഷെ ഇന്ന്, ഈ പ്രത്യേക സാഹചര്യത്തിൽ, രണ്ടും ലേശം ആവുന്നതിൽ തെറ്റില്ല എന്ന് ആദ്യമായി തോന്നുന്നു...

ഒരു ഇലക്ഷനിൽ ജയിക്കുന്നതൊ തോൽക്കുന്നതോ അല്ല അത്യന്തികമായ ജയവും തോൽവിയും.

ചില പ്രത്യേക സന്ദർഭങ്ങളിൽ നമ്മൾ ജയിച്ചു കൊണ്ട് തോൽക്കും.

അല്ലെങ്കിൽ തോറ്റു കൊണ്ട് ജയിക്കും!

ഞങ്ങൾ ഇന്ന് ഇവിടെ തോറ്റു കൊണ്ട് ജയിച്ചവർ ആണ്...!

ആ ജയത്തിന് ഇരട്ടി മധുരവുമാണ്!