'ഇത്രയും അപമാനിച്ചിട്ട് എന്ത് ഒത്തുതീർപ്പ്, എല്ലാം ഞാൻ തുറന്നുപറയും'; ഹരീഷ് കണാരനെതിരെ ബാദുഷ

Thursday 04 December 2025 5:29 PM IST

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷ 20 ലക്ഷം രൂപ വാങ്ങി തിരിച്ചുനൽകിയില്ല എന്ന നടൻ ഹരീഷ് കണാരന്റെ വെളിപ്പെടുത്തൽ അടുത്തിടെ വാർത്തയായിരുന്നു. ഒബ്രോണ്‍ മാളിന് പിന്നിലുള്ള സ്ഥലം വാങ്ങുന്നതിന് പണം അടിയന്തരമായി വേണമെന്ന് പറഞ്ഞ് 20 ലക്ഷം കടം വാങ്ങിയെന്നും അത് തിരികെ ആവശ്യപ്പെട്ടിട്ടും ബാദുഷ നൽകിയില്ലെന്നുമാണ് ഹരീഷ് പറഞ്ഞത്. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ ബാദുഷ തന്നെ വിളിച്ചെന്നും പണം സെറ്റിൽ ആക്കാമെന്ന് അറിയിച്ചതായും ഹരീഷ് പറഞ്ഞു. എന്നാൽ, ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ.

'ഹരീഷിനെയും ഭാര്യയെയും വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. നിര്‍മലിനെ വിളിച്ച് സംസാരിച്ചു. സെറ്റില്‍ ആക്കാമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇത്രയും അപമാനിതനായിട്ട് എന്ത് ഒത്തുതീര്‍പ്പ്. എനിക്ക് പറയാനുള്ളത് റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം മാദ്ധ്യമങ്ങളോട് തുറന്നു പറയും' - എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഹരീഷ് സംസാരിക്കുന്നൊരു വീഡിയോയും ബാദുഷ പങ്കുവച്ചിട്ടുണ്ട്. ഇതോടെ വിവാദം വീണ്ടും ശക്തമാകാനുള്ള സാദ്ധ്യത ഏറിയിരിക്കുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹരീഷിനെയും അദ്ധേഹത്തിൻ്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു അവർ ഫോൺ എടുത്തില്ല അന്നു തന്നെ നിർമ്മലിനെ വിളിച്ചു ഞാൻ കാര്യങ്ങൾ സംസാരിച്ചു ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ് എനിക്ക് പറയാനുള്ളതെല്ലാം എൻ്റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും അത് വരെ എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളു ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എൻ്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.