ചക്കുളത്തമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തസഹസ്രങ്ങൾ

Friday 05 December 2025 1:33 AM IST

കുട്ടനാട്: ചക്കുളത്തമ്മയ്ക്ക് പൊങ്കാലഅർപ്പിച്ച് ഭക്തസഹസ്രങ്ങൾ. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ശ്രീകോവിലിലെ മൂലബിംബത്തിൽ നിന്ന് ദേവിയെ ആവാഹിച്ച് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിന് അരികിലെത്തിച്ച ശേഷം,​ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്നതോടെ കാർത്തികപ്പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി.

ഭക്തർ ദേവീസ്തുതികൾ ഉച്ചത്തിൽ ചൊല്ലുകയും പണ്ടാര അടുപ്പിൽ നിന്ന് പകർന്ന അഗ്നി പൊങ്കാല അടുപ്പുകളിലേയ്ക്ക് പകരുകയും ചെയ്തു.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് തീർത്ഥാടകരാണ് പൊങ്കാല അർപ്പിക്കാനെത്തിയത്. കിലോമീറ്ററുകളോളം ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു. തകഴി,തിരുവല്ല,കോഴഞ്ചേരി,ചെങ്ങന്നൂർ,പന്തളം,എടത്വ,മുട്ടാർ,നീരേറ്റുപുറം,കിടങ്ങറ,പൊടിയാടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡുകളും ഇടവഴികളുമെല്ലാം പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു. ക്ഷേത്രം മേൽശാന്തി അശോകൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രഞ്ജിത്ത് ബി.നമ്പൂതിരി,ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഭക്തജനസംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണവും ക്ഷേത്രമുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും രമേശ് ഇളമൺ നമ്പൂതിരി വിളിച്ചുചൊല്ലി പ്രാർത്ഥനയും നടത്തി. നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500ൽപ്പരം വേദപണ്ഡിതമാരുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയെ 51ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പ്രസിദ്ധമായ ഭിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു. വൈകിട്ട് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകർന്നു. 3000ത്തോളം ക്ഷേത്ര വോളണ്ടിയർമാരുടെയും ആയിരത്തോളം പൊലീസ്, ഫയർഫോഴ്സ്,​ എക്സൈസ് ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പൊങ്കാലയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.