115-ാം വാർഷികാഘോഷത്തിൽ സി.വി. ആനന്ദബോസ് കേരളകൗമുദി വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന പത്രം

Friday 05 December 2025 12:37 AM IST

കൊച്ചി: വിവാദ രാഷ്ട്രീയത്തെ ആഘോഷമാക്കാതെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളകൗമുദിയെ വ്യതിരിക്തമാക്കുന്നതെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. കൊച്ചിയിൽ കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളുടെ തുടക്കംകുറിച്ച് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനപക്ഷത്തുനിന്ന് അഴിമതിക്കെതിരെ സന്ധിയില്ലാതെ കേരളകൗമുദി പോരാടുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ സമൂഹ മനഃസാക്ഷിയുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ഇവ ശരിയേത് തെറ്റേത് എന്ന തിരിച്ചറിവ് നൽകി സമൂഹത്തിന് ദിശാബോധം നൽകുന്നതായും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ പുഴുക്കുത്തുകൾ എന്താണെന്ന് ബോദ്ധ്യപ്പെടുത്താനും ജനങ്ങളുടെ കൂടെനിന്ന് പോരാടാനും ധൈര്യംകാണിച്ച ഏക പത്രാധിപരാണ് കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻ. ഓരോ മേഖലയിലെയും അർഹരായവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ കേരളകൗമുദി എന്നും മുൻനിരയിലുണ്ട്. അടിയുറച്ച നിലപാടുകളുള്ള എഡിറ്റോറിയലും വ്യക്തമായ അവബോധം നൽകുന്ന ലേഖനങ്ങളും വായിച്ചുവളർന്നവരാണ് താൻ ഉൾപ്പെടുന്ന തലമുറയെന്നും ഗവർണർ പറഞ്ഞു.

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

ഗവർണർ ഡോ. സി.വി. ആനന്ദബോസ്, വി.എസ്. രാജേഷ്, സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് എം.ഡി പർവീൺ ഹഫീസ്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ, കൊച്ചി ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

ആനന്ദബോസിന് കേരളകൗമുദിയുടെ ഉപഹാരം വി.എസ്. രാജേഷും പ്രഭു വാര്യരും ചേർന്ന് സമ്മാനിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പതിനൊന്നുപേർക്ക് കേരളകൗമുദിയുടെ പുരസ്‌കാരങ്ങൾ ഗവർണർ സമ്മാനിച്ചു. മഹാരാജ ശിവാനന്ദൻ, പർവീൺ ഹഫീസ് എന്നിവർ സംസാരിച്ചു. പ്രഭു വാര്യർ സ്വാഗതം പറഞ്ഞു.

ഇതോടനുബന്ധിച്ച് നടന്ന 'റിവേഴ്‌സ് ഡയബറ്റിക്സ്, റിവേഴ്‌സ് ലൈഫ് സ്റ്റൈൽ ഡിസീസസ്' മെഡിക്കൽ കോൺക്ലേവിൽ ഡോക്ടർമാരായ കെ.എസ്. പ്രേംലാൽ, ജോണി കണ്ണമ്പള്ളി, ദീപു ജോർജ്, രാംകുമാർ മേനോൻ എന്നിവർ പങ്കെടുത്തു. വി.എസ്. രാജേഷ് മോഡറേറ്ററായിരുന്നു. സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.