സാമൂഹ്യ പരിഷ്‌കർത്താക്കളുടെ പേരിൽ 120 കോടിയുടെ കേന്ദ്ര പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്‌കർത്താക്കളുടെയും പേരിൽ സംസ്ഥാനത്ത് വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ ആരംഭിക്കാൻ 120 കോടിയുടെ വിപുലമായ കർമ്മ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകുന്നു. തൈക്കാട് അയ്യാഗുരു സ്വാമികൾ, മഹാത്മ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, കവാരിക്കുളം കണ്ടൻ കുമാരൻ, ശുഭാനന്ദ ഗുരുദേവൻ, കുമാര ഗുരുദേവൻ തുടങ്ങിയവരുടെ പേരുകളിലാണിത്.
പിന്നാക്ക ജനവിഭാഗങ്ങളുടെ ഉദ്ധാരണത്തിനു വേണ്ടി പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവിതദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന് പ്രത്യേക പ്രോജക്ടുകളും തയ്യാറാക്കും. അവർ പ്രവർത്തിച്ച രംഗങ്ങളിലും വിഭാഗങ്ങളിലും സമൂഹങ്ങളിലും പെട്ടവർക്കുവേണ്ടി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ക്ഷേമപ്രവർത്തന കേന്ദ്രങ്ങൾ, നൈപുണ്യവികസന- തൊഴിൽ പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവ ആരംഭിക്കും.
മഹാത്മാക്കളുടെ ജന്മസ്ഥലങ്ങളും പ്രവർത്തനകേന്ദ്രങ്ങളും സമാധി സ്ഥലങ്ങളും ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങളും പരിരക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകും. ജീവിതചരിത്രവും ആശയാദർശങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സോഷ്യൽ ഔട്ട്റീച്ചിലൂടെ അവാന്തര വിഭാഗങ്ങളിലുംപെട്ട ജനസമൂഹങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കണ്ടെത്താനും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യ, സാമുദായിക സംഘടനാ നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തി.
വിശ്വകർമ്മ വില്ലേജ്,
പുനരുജ്ജീവന പദ്ധതി
27ൽപ്പരം കൈത്തൊഴിലുകളിൽ വ്യാപൃതരായവർക്കായി വിശ്വകർമ്മയോജന എന്ന ബൃഹത്തായ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതോടൊപ്പം വിശ്വകർമ്മ വില്ലേജ് സ്ഥാപിച്ച് കല്ലിലും മണ്ണിലും തടിയിലും ലോഹത്തിലും മുളയിലും കൈത്തൊഴിൽ ചെയ്യുന്നവർക്ക് പ്രോജക്ടുകൾ നടപ്പാക്കും
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് കൂടുതൽ ഗുണഫലങ്ങൾ ലഭിക്കുന്ന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. പരമ്പരാഗത തൊഴിലുകളെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള പുനരുജ്ജീവന പദ്ധതിക്കും രൂപം നൽകി