ശബരിമല സ്വർണക്കൊള്ള, ജയശ്രീക്കും ശ്രീകുമാറിനും മുൻകൂർ ജാമ്യമില്ല, കാരണങ്ങൾ എണ്ണിനിരത്തി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായ എസ്. ജയശ്രീയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ആറാം പ്രതിയുമായ എസ്. ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് തള്ളി. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു. തിരുവല്ല സ്വദേശിയാണ് ജയശ്രീ. ചെമ്പഴന്തി സ്വദേശിയാണ് ശ്രീകുമാർ.
സന്നിധാനത്തെ അമൂല്യമായ വസ്തുക്കളിൽ നിന്ന് 4541 ഗ്രാം സ്വർണം കവർന്നതിനുപിന്നിൽ വിപുലമായ ഗൂഢാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി പറഞ്ഞു. ഹർജിക്കാരെയടക്കം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിലയിരുത്തി.
സ്വർണപ്പാളികൾ കൊടുത്തുവിടുന്നതിന് 2019 ജൂലായ് 19ന് തയ്യാറാക്കിയ മഹസറിൽ സാക്ഷിയായി ഒപ്പിടുക മാത്രമായിരുന്നുവെന്നാണ് ശ്രീകുമാർ വാദിച്ചത്. അതിനു രണ്ടു ദിവസം മുമ്പാണ് സ്ഥലംമാറിയെത്തിയത്. അതിനാൽ ക്രമക്കേടിൽ പങ്കില്ലെന്നായിരുന്നു വാദം. എന്നാൽ, അമൂല്യ വസ്തുക്കളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ മഹസറിലെ ഉള്ളടക്കം പരിശോധിക്കുകയും സംശയം തീർക്കുകയും ചെയ്യേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയിൽ പങ്കില്ലെന്ന് കരുതിയാൽപ്പോലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ശ്രീകുമാറിന്റെ ഹർജി തള്ളിയത്.
ഉത്തരവിറക്കിയത് ജയശ്രീ
ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ ചെമ്പെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019 ജൂലായ് 5ന് ഉത്തരവിറക്കിയത് ജയശ്രീയാണ്. ദേവസ്വം ബോർഡ് തീരുമാനം ഉത്തരവാക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമാണ് ഹർജിക്കാരി വാദിച്ചത്. എന്നാൽ, ക്ഷേത്രങ്ങളിലെ വിലപ്പെട്ട വസ്തുക്കളുടെ കസ്റ്റോഡിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് ദേവസ്വം മാന്വൽ വ്യക്തമാക്കുന്നുണ്ടെന്നും സെക്രട്ടറിയെന്നാൽ ചീഫ് അഡ്മിനിസ്ട്രേറ്ററാണെന്നും പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. എല്ലാ ഫയലുകളും കൈകാര്യം ചെയ്യുന്ന സെക്രട്ടറിക്ക് ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ട്. ഹർജിക്കാരിക്ക് 35 വർഷത്തെ സർവീസുണ്ടെന്നും കോടതി വിലയിരുത്തി. നിരപരാധിയെങ്കിൽ, പാളികൾ ചെമ്പെന്നു രേഖപ്പെടുത്തിയപ്പോൾ ഇത് സ്വർണം പൊതിഞ്ഞതാണെന്ന് തിരുത്താൻ ഹർജിക്കാരി ശ്രമിക്കുമായിരുന്നു, അതുണ്ടായില്ല. ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്താമെന്ന് കോടതി പറഞ്ഞു.
വൃക്ക മാറ്റിവയ്ക്കലിന് വിധേയയായ ജയശ്രീ, ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റഡിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ ചികിത്സ ലഭ്യമാക്കുമെന്ന എസ്.ഐ.ടിയുടെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.