സ്വകാര്യ സന്ദർഭം അല്ലെങ്കിൽ ഒളിഞ്ഞുനോട്ടമല്ല

Friday 05 December 2025 12:48 AM IST

ന്യൂഡൽഹി: സ്വകാര്യ സന്ദർഭം അല്ലാത്ത വേളകളിൽ സ്ത്രീയുടെ സമ്മതമില്ലെങ്കിൽ പോലും മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഒളിഞ്ഞുനോട്ടമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, ലൈംഗികബന്ധം എന്നിവ അവരറിയാതെ പകർത്തുന്നതാണ് ഒളിഞ്ഞുനോട്ടമെന്നും വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ ഭൂമിത്തർക്കത്തിനിടെ സ്ത്രീ വസ്തുവിലേക്ക് കടന്നുകയറിയത് എതിർ കക്ഷിയുടെ മകൻ ഫോട്ടോ എടുക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് സ്ത്രീ പൊലീസിൽ പരാതി നൽകി. ഒളിഞ്ഞുനോട്ടത്തിന് ഭൂവുടമയുടെ മകനെതിരെ കേസെടുത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കൽക്കട്ട ഹൈക്കോടതി തള്ളിയതോടെ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ നിമിഷങ്ങൾ പകർത്തിയെന്ന് പ്രതിക്കെതിരെ ആരോപണമില്ലെന്ന് ജസ്റ്റിസുമാരായ എൻ.കോട്ടീശ്വർ സിംഗ്, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐ.പി.സി) 354സി വകുപ്പ് പ്രകാരം കുറ്രകരമാണ്. ആദ്യമായാണ് കുറ്റം ചെയ്യുന്നതെങ്കിൽ പ്രതിക്ക് മൂന്നു വർഷം വരെയും, പിന്നെയും പിടികൂടിയാൽ 7 വർഷം വരെയും തടവുശിക്ഷ ലഭിക്കും. പുറമെ പിഴയും.