പീസ്‌വാലിയിൽ സാന്ത്വനമായി വീൽചെയറിലെ മാലാഖമാർ
കൊച്ചി: സ്വന്തം പരിമിതികൾ അവഗണിച്ച് മറ്റുള്ളവരെ പരിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് കോതമംഗലം പീസ്‌വാലിയിലെ ഭിന്നശേഷിക്കാരായ നാല് വനിതാ ജീവനക്കാർ.
പാലക്കാട് ആലത്തൂർ സ്വദേശി അമ്പിളി, ഇടുക്കി തൂക്കുപാലം സ്വദേശി സബിത, അനു സെബാസ്റ്റ്യൻ (അങ്കമാലി), നീതു (പിറവം) എന്നിവരാണ് ആയിരത്തോളം അന്തേവാസികൾക്കും ദിവസേന ഡയാലിസിസിനും നട്ടെല്ല് ചികിത്സയ്‌ക്കും എത്തുന്നവർക്കുമിടയിൽ വീൽചെയറിൽ ഓടിയെത്തി സാന്ത്വനമേകുന്ന മാലാഖമാർ.
വിവിധ ആവശ്യങ്ങളുമായി പീസ്‌വാലിയിൽ എത്തുന്നവരുടെ ആവലാതികൾ കേട്ട് അപേക്ഷ രജിസ്റ്റർ ചെയ്യുന്നതാണ് അമ്പിളിയുടെ ജോലി. പാലിയേറ്റീവ്, ഡയാലിസിസ് ബ്ലോക്കുകളുടെ ചുമതലക്കാരിയാണ് സബിത. അപകടങ്ങളിൽപ്പെട്ട് നട്ടെല്ലിന് പരിക്കേറ്റവരെ ചികിത്സിക്കുന്ന അഡ്വാൻസ്ഡ് ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിലെ ഫ്ലോർ മാനേജരാണ് എം.എസ്.ഡബ്ല്യു ബിരുദധാരിയായ അനു സെബാസ്റ്റ്യൻ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള കൗൺസലിംഗ് ചുമതലയും അനുവിനാണ്. പൂർണമായും കിടപ്പിലായ ശാരീരിക, മാനസിക പ്രയാസമുള്ളവർ കഴിയുന്ന അസിസ്റ്റഡ് ലിവിംഗ് വിഭാഗത്തിന്റെ ചുമതലക്കാരിയാണ് നീതു. പീസ്‌വാലിയിൽ ആകെ 260 ജീവനക്കാരാണുള്ളത്.
സൗജന്യ ഡയാലിസിസ്, ന്യൂറോ റീഹാബിലിറ്റേഷൻ
അനാഥർ, അഗതികൾ, മാനസിക രോഗികൾ, ഭിന്നശേഷിക്കുട്ടികൾ, കിടപ്പുരോഗികൾ, തെരുവിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾ, കുട്ടികൾ തുടങ്ങി സ്ത്രീപുരുഷ ഭേദമന്യേ ആയിരത്തോളം അന്തേവാസികളുടെ ആശാകേന്ദ്രമാണ് പീസ്‌വാലി. ദിവസം 36പേർക്ക് വീതം സൗജന്യ ഡയാലിസിസ്, അപകടങ്ങളിൽ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള അഡ്വാൻസ്ഡ് ന്യൂറോ റീഹാബിലിറ്റേഷൻ, മാനസികരോഗ ചികിത്സ, ഡീ അഡിക്ഷൻ ചികിത്സ തുടങ്ങിയ സേവനങ്ങൾ ഇവിടെയുണ്ട്. ന്യൂറോ സെന്ററിൽ നിന്ന് 140 രോഗികൾ ഇതിനകം സുഖംപ്രാപിച്ചു. അതിൽ 15 പേർ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നോക്കുന്നവരാണ്.