പാലക്കാട് മത്സര രംഗത്തുള്ളത് 6726 പേർ

Friday 05 December 2025 12:39 AM IST

പാലക്കാട്: ആറാംനാൾ പാലക്കാട് ജില്ല പോളിംഗ് ബൂത്തിലേക്ക്.. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാക്കി മുന്നണികൾ. സമയം ഒട്ടും പാഴാക്കാതെ സ്ഥാനാർത്ഥികൾ ഗൃഹസന്ദർശനം നടത്തിയും വ്യാപാര സ്ഥാനങ്ങളിൽ എത്തിയും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴ് നഗരസഭകളിലായി മത്സരരംഗത്തുള്ളത് 783 സ്ഥാനാർത്ഥികൾ. ഇതിൽ 404 പേരും പുരുഷന്മാരാണ്. വനിത സ്ഥാനാർത്ഥികൾ 379 പേരുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് പാലക്കാട് നഗരസഭയിലാണ്. 53 വാർഡുകളിലായി 181 സ്ഥാനാർത്ഥികളാണ് പാലക്കാട് നഗരസഭയിലേക്ക് ജനവിധി തേടുന്നത്.

ഇതിൽ 92 സ്ഥാനാർത്ഥികൾ പുരുഷന്മാരും 89 പേർ സ്ത്രീകളുമാണ്. ഷൊർണൂർ, പട്ടാമ്പി നഗരസഭകളിലാണ് വനിതാ സ്ഥാനാർത്ഥികൾ കൂടുതലുള്ളത്. യഥാക്രമം 58, 43 പേരാണ് മത്സരരംഗത്തുള്ളത്. ഷൊർണൂരിൽ 50, പട്ടാമ്പിയിൽ 40 പുരുഷന്മാരാണ് മത്സരിക്കുന്നത്.

നഗരസഭകളിൽ ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് പട്ടാമ്പിയിലാണ്. ആകെ 77 പേരാണ് ഇവിടെ തിരഞ്ഞെടുപ്പ് അങ്കത്തിനുള്ളത്. ഒറ്റപ്പാലം നഗരസഭയിൽ 127 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 64 പുരുഷന്മാരും 63 സ്ത്രീകളും ഉൾപ്പെടുന്നു. ഷൊർണൂരിൽ 108 സ്ഥാനാർകളാണുള്ളത്. 106 സ്ഥാനാർത്ഥികളുള്ള ചെർപ്പുളശ്ശേരി നഗരസഭയിൽ 54 പേർ പുരുഷന്മാരാണ്. സ്ത്രീകൾ 52 പേരുണ്ട്. മണ്ണാർക്കാട് 49 പുരുഷന്മാരും 44 സ്ത്രീകളും ഉൾപ്പെടെ 93 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചിറ്റൂർ - തത്തമംഗലം നഗരസഭയിൽ 91 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 51 പേർ പുരുഷന്മാരും 40 പേർ സ്ത്രീകളുമാണ്.

ഗ്രാമ - ബ്ലോക്ക് ജില്ല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആകെ 6726 സ്ഥാനാർത്ഥികളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഗൃഹസന്ദർശനങ്ങൾ നടത്തിയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മുന്നണികളുടെ പ്രചാരണം തകൃതിയാണ്.