ഡിജിറ്റൽ-സാങ്കേതിക സർവകലാശാല, ഗവണർ മുഖ്യമന്ത്രി പോരിൽ വി.സി നിയമനം ഗുൽമാൽ

Friday 05 December 2025 12:08 AM IST

ന്യൂഡൽഹി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയെടുക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി കടുത്ത എതിർപ്പ് ഉന്നയിക്കുന്ന ഡോ.സിസ തോമസിനെ സാങ്കേതിക സർവകലാശാല വി.സിയായി ഗവർണർ ശുപാർശ ചെയ്‌തു. ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റൽ സർവകലാശാല വി.സിയായും. ഇന്നലെ സത്യവാങ്മൂലവും സമർപ്പിച്ചു.

ഡിജിറ്റൽ സർവകലാശാല വി.സിയായി ഡോ.സജി ഗോപിനാഥിന്റെയും സാങ്കേതിക സർവകലാശാല വി.സിയായി ഡോ.സി.സതീഷ് കുമാറിന്റെയും പേരിനാണ് മുഖ്യമന്ത്രി ആദ്യ പരിഗണന നൽകിയത്. ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, പ്രസന്ന ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും. ഇരുസർവകലാശാലകളിലെയും വി.സി നിയമനത്തിനായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അവർ നൽകിയ പട്ടികയിൽ നിന്നുള്ള പേരുകളിലാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്.

ഡിജിറ്റൽ സർവകലാശാല വി.സി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയിൽ ഡോ.ജിൻ ജോസ്, ഡോ.പ്രിയ ചന്ദ്രൻ എന്നിവർക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സർവകലാശാല വി.സിയായി ഡോ.ജി.ആർ.ബിന്ദു, ഡോ.പ്രിയ ചന്ദ്രൻ എന്നിവരുടെ പേരുകൾ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടുത്തി.

 യോഗ്യത സിസയ്‌ക്ക്

രണ്ട് പട്ടികകളിലും ഡോ.സിസ തോമസിന്റെയും ഡോ.പ്രിയ ചന്ദ്രന്റെയും പേരുകൾ ശുപാർശ ചെയ്‌തത് ഗവർണ‌‌ർ പരിഗണിച്ചു. മെരിറ്റിനുള്ള അംഗീകാരമാണിത്. പക്ഷേ, മുഖ്യമന്ത്രി അനുകൂലമല്ലെന്ന് ഗവർണറുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ സിസാ തോമസിന്റെ പ്രവർത്തനം സമർപ്പണ മനോഭാവത്തോടെയും സത്യസന്ധതയോടെയുമായിരുന്നു. സിസയോടുള്ള മുഖ്യമന്ത്രിയുടെ എതിർപ്പ് വാർത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ്. ഡിജിറ്റൽ സർവകലാശാല വി.സിയായി നിയമിക്കാൻ സജി ഗോപിനാഥന്റെ പേര് ആദ്യവും, എം.എസ്.രാജശ്രീയുടെ പേര് രണ്ടാമതായും ശുപാർശ ചെയ്‌ത മുഖ്യമന്ത്രിയുടെ നടപടി ആശ്ചര്യം! ഡിജിറ്റൽ സർവകലാശാല വി.സിയായിരിക്കെ സജി ഗോപിനാഥൻ അവിടെ ഓഡിറ്റ് നടത്തിയിട്ടില്ല. രാജശ്രീയെ കോടതിയാണ് പുറത്താക്കിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നി‌ർദ്ദേശപ്രകാരം എൻജിനിയറിംഗ് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ നിയമവിരുദ്ധ അദാലത്ത് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

നേതൃഗുണമില്ലെന്ന് മുഖ്യമന്ത്രി

സിസയെ ശുപാർശ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഒക്ടോബർ 14ന് ഗവർണർക്ക് കൈമാറിയ ഫയലിൽ പറയുന്നു. ഡിജിറ്റൽ സ‌ർവകലാശാലയുടെ അന്തസിനെ സംശയനിഴലിൽ നിറുത്തി. അവിടുത്തെ അദ്ധ്യാപകർ സ്വന്തം കമ്പനികളുണ്ടാക്കി സർവകലാശാലയുടെ പ്രോജക്‌ടുകൾ തട്ടിയെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചു. പോസിറ്റീവ് മനോഭാവമുള്ള വ്യക്തിയെയാണ് വി.സിയായി നിയമിക്കേണ്ടതെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.

എന്നാൽ, ഡിജിറ്റൽ സർവകലാശാലയിൽ രേഖകളും അക്കൗണ്ടുകളും സൂക്ഷിക്കുന്നതിലെ ക്രമക്കേടുകൾ സിസ കണ്ടെത്തിയെന്ന് ഗവർണർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സി.എ.ജി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഓഡിറ്റ് നടത്തിയെന്നും കൂട്ടിച്ചേർത്തു.