ആക്രിക്കടയ്ക്ക് കൈക്കൂലി: നഗരസഭ ഉദ്യോഗസ്ഥർ പിടിയിൽ

Friday 05 December 2025 12:33 AM IST

വടക്കാഞ്ചേരി: ആക്രിക്കട തുടങ്ങാൻ അനുമതിക്കായി അപേക്ഷ സമർപ്പിച്ച വ്യക്തിയിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജരും ഹെൽത്ത് സൂപ്പർവൈസറുമായ കാസർകോട് കൊടലു രാമദാസ് നഗർ ദേവദാരു വീട്ടിൽ കെ.ജിതേഷ് കുമാർ (52), ശുചീകരണ തൊഴിലാളി എരുമപ്പെട്ടി ചിറ്റണ്ട മൂത്താലിൽ വീട്ടിൽ എം.ബി.സന്തോഷ് (52) എന്നിവരെയാണ് തൃശൂർ വിജിലൻസ് ഓഫീസർ ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 10,000 രൂപയാണ് ഇവ‌ർ ആവശ്യപ്പെട്ടത്.

പാർളിക്കാടുള്ള സ്‌ക്രാപ്പ് ഷോപ്പ് ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇദ്ദേഹം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആദ്യഘട്ടമെന്ന നിലയിൽ 3,000 രൂപ നൽകാമെന്ന് സമ്മതിച്ചു. വിജിലൻസ് രാസപദാർത്ഥം പുരട്ടി നൽകിയ പണം ഉദ്യോഗസ്ഥർക്ക് കൈമാറി. പിന്നാലെയെത്തിയ വിജിലൻസ് സംഘം പണം പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഗ്രേഡ് എസ്.ഐ ബൈജു, ഇൻസ്‌പെക്ടർ അനീഷ്, എ.എസ്.ഐമാരായ ദിനേഷ്, രഞ്ജിത്ത്, സി.പി.ഒമാരായ ഗണേഷ്, ലിജോ, സിബിൻ, രതീഷ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.