ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഇനി നാലുനാൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിലേക്ക് ഇനി നാല് നാൾ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഒമ്പതിന് പോളിംഗ് നടക്കുമ്പോൾ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 11നാണ് ജനവിധി. ആദ്യഘട്ട പോളിംഗിന്റെ പരസ്യ പ്രചാരണം ഏഴിനും രണ്ടാം ഘട്ടത്തിന്റേത് ഒമ്പതിനും അവസാനിക്കും. 13നാണ് വോട്ടെണ്ണൽ.
അഞ്ച് മാസങ്ങൾക്ക് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണുന്ന തദ്ദേശപ്പോരിൽ വിജയം മാത്രമാണ് മുന്നണികളുടെ ലക്ഷ്യം.
വികസന വിഷയങ്ങളോടൊപ്പം രാഷ്ട്രീയ വിവാദങ്ങളും പ്രചാരണത്തിൽ നിറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും വർഗീയ സംഘടനകളുമായുള്ള കൂട്ട്‌കെട്ടെന്ന ആരോപണവുമാണ് യു.ഡി.എഫിനെതിരെ എൽ.ഡി.എഫ് പ്രധാന പ്രചാരണമാക്കുന്നത്. പ്രഖ്യാപിച്ച ക്ഷേമ പെൻഷനുകൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയും എൽ.ഡി.എഫിനുണ്ട്.
സ്വർണക്കൊള്ളയും സി.പി.എം-ബി.ജെ.പി ഡീലുമാണ് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നത്. രാഹുലിനെതിരെ കോൺഗ്രസ് കൈക്കൊണ്ട നടപടികൾ ഉയർത്തിക്കാട്ടാനും യു.ഡി.എഫ് ശ്രമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് എൻ.ഡി.എയുടെ പ്രധാന പ്രചാരണം. 2020ൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 99 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളോടെ എൽ.ഡി.എഫ് ഭരണത്തുടർച്ച നേടുകയായിരുന്നു.