വയനാട്ടിൽ ജീവന്മരണ പോരാട്ടം

Friday 05 December 2025 12:36 AM IST

കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ നിലവിലെ സീറ്രുകൾ നിലനിറുത്താനും എതിരാളികളുടെ കൈയിലുള്ള സീറ്റുകൾ പിടിച്ചെടുക്കാനും മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടമാണ് വയനാട്ടിൽ. പൊതുവേ യു.ഡി.എഫിന് വളക്കൂറുള്ള മണ്ണാണെങ്കിലും ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടമാണ് എൽ.ഡി.എഫും എൻ.ഡി.എയും ലക്ഷ്യമിടുന്നത്. പ്രചാരണവീര്യം ഒട്ടും കുറവല്ല. അതിനാൽ വയനാടൻ കാറ്റ് എങ്ങോട്ട് വീശുമെന്നത് പ്രവചനാതീതം.

2020ലെ തിരഞ്ഞെടുപ്പിൽ 23 ഗ്രാമപഞ്ചായത്തുകളിൽ 16 ഇടത്ത് യു.ഡി.എഫിനായിരുന്നു വിജയം. ഏഴിടത്ത് എൽ.ഡി.എഫ്. പതിനാറ് ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എട്ട് വീതം സീറ്റുകളാണ് ഇരുമുന്നണികൾക്കും ലഭിച്ചത്. നറുക്കെടുത്തപ്പോൾ ഭാഗ്യം യു.ഡി.എഫിന് തുണയായി. വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും ലഭിച്ചു.

നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ എൽ.ഡി.എഫിനായിരുന്നു വിജയം. കൽപ്പറ്റയിലും പനമരത്തും യു.ഡി.എഫും വിജയിച്ചു. മൂന്ന് മുനിസിപ്പാലിറ്റികളിൽ സുൽത്താൻ ബത്തേരി മാത്രമാണ് എൽ.ഡി.എഫിന് സ്വന്തമാക്കാനായത്. കൽപ്പറ്റ, മാനന്തവാടി നഗരസഭകൾ യു.ഡി.എഫിനൊപ്പവും. കഴിഞ്ഞ തവണ എട്ട് ഗ്രാമ പഞ്ചായത്തുകളിലായി പതിമൂന്ന് വാർഡുകളിൽ എൻ.ഡി.എ വിജയിച്ചിരുന്നു. ഇത്തവണ പരമാവധി നേട്ടമാണ് ലക്ഷ്യമിടുന്നത്.

കൂടുതൽ സീറ്റുകളിൽ ബി.ജെ.പി

വയനാട്ടിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് ബി.ജെ.പിയാണ്. രണ്ടാമത് സി.പി.എമ്മും. കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാൾ കുറവ് സീറ്റിലാണ് ഇക്കുറി കോൺഗ്രസ് ജനവിധി തേടുന്നത്. വയനാട്ടിൽ ഗ്രാമ, ജില്ലാ, ബ്ളോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലുമായി 47വാർഡുകൾ വർദ്ധിച്ചിട്ടുണ്ട്. 582 ഗ്രാമപഞ്ചായത്ത് വാർഡുകൾ 629 ആയി വർദ്ധിച്ചു. നഗരസഭകളിൽ മൂന്നും, ബ്ളോക്ക് പഞ്ചായത്തുകളിൽ അഞ്ചും ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റും വർദ്ധിച്ചു.