തുടർ ഭരണം കേരളത്തിന്റെ വളർച്ചയ്ക്ക് വഴിവച്ചു: മുഖ്യമന്ത്രി
കൊല്ലം: തുടർഭരണം കേരളത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വഴിവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് പുറമേ ക്ഷേമ പ്രവർത്തനങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിച്ചു.
ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി രാജ്യത്തെ നമ്പർ വൺ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പലരും ഇപ്പോൾ താല്പര്യം പ്രകടിപ്പിക്കുകയാണ്. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ ഉണ്ടായ രണ്ട് ലക്ഷം കോടിയുടെ വാഗ്ദാനത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്.
അടുത്തിടെ താൻ ഗൾഫിൽ പോയി വിവിധ മലയാളി കൂട്ടായ്മകളുമായി സംവദിച്ചിരുന്നു. അവരെല്ലാം കേരളത്തിൽ നിക്ഷേപം നടത്താൻ വലിയ താല്പര്യത്തിലാണ്. അബുദാബിയിലെ കിരീടാവകാശി തന്റെ മുന്നിൽ വച്ച് ഉടൻ തന്നെ കേരളത്തിൽ പോയി ചർച്ച ചെയ്ത് നിക്ഷേപം നടത്താൻ കഴിയുന്ന മേഖലകൾ കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം കോർപ്പറേഷനിലെ എൽ.ഡി.എഫിന്റെ പ്രകടനപത്രിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.വിജയകുമാർ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.