ഒരുങ്ങാം വോട്ടിംഗിന്
തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം. പുതിയ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർമാർക്ക് കൂടുതൽ അവകാശാധികാരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പ് നൽകുന്നുണ്ട്. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം, വെയിലും മഴയും ഏൽക്കാതെ ക്യു നിൽക്കാനുള്ള സൗകര്യം. ഇരിക്കാൻ കസേര, ഭിന്നേശേഷിക്കാർക്ക് റാമ്പ്, വൃദ്ധർക്കും രോഗികൾക്കും ക്യുനിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം. കാഴ്ച പരിമിതിയുള്ളവർക്ക് സഹായിയെ ഉപയോഗിക്കാനും അനുമതി കിട്ടും. പോളിംഗ് ബൂത്തിൽ പരാതികളുണ്ടെങ്കിൽ പറയേണ്ടത് പ്രിസൈഡിംഗ് ഓഫീസറോടാണ്. അദ്ദേഹമാണ് ഓരോ പോളിംഗ് ബൂത്തിലേയും അധികാരി. പോളിംഗ് ബൂത്തിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ഒരു അന്വേഷണം.
---------------------------------------------------------------------------------------------------
വോട്ടർപട്ടികയിൽ പേരു ഉറപ്പാക്കണം
വോട്ടുചെയ്യാൻ പോകുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പാക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് വോട്ടേഴ്സ് സ്ളിപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ, വോട്ടർപട്ടിക ഓൺലൈനായി പരിശോധിച്ച് ബൂത്തിന്റെ പേരും നമ്പരും പാർട്ട് നമ്പരും പോളിംഗ് സ്റ്റേഷനും വോട്ടർപ്പട്ടികയിലെ പേരും ക്രമനമ്പരും സ്വയം എഴുതി വോട്ടേഴ്സ് സ്ളിപ്പ് ആയി ഉപയോഗിക്കുകയോ ചെയ്യാം. കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ വോട്ടർപട്ടികയിൽ നോക്കാതെ സംസ്ഥാനത്തെ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ വോട്ടർസെർച്ച് ഓപ്ഷനിൽ ക്ളിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരു തിരയാം. വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ നൽകി പേര് തിരയാം.
പോളിംഗ് സമയം
രാവിലെ 7 മുതൽ വൈകുന്നേരം 6വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് 6 വരെ പോളിംഗ് സ്‌റ്റേഷനിൽ ഹാജരായിട്ടുള്ള മുഴുവൻ പേർക്കും വോട്ടുചെയ്യാൻ അവസരം നൽകും. വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ക്യൂവിൽ നിൽക്കുന്നവർക്കെല്ലാം വോട്ട് ചെയ്യാം. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെയാൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.
തിരിച്ചറിയൽ രേഖ
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ചുവടെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഹാജരാക്കാവുന്നതാണ്.
1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്
2. വോട്ടർസ്ലിപ്പ്
3. പാസ്‌പോർട്ട്
4. ഡ്രൈവിംഗ് ലൈസൻസ്
5. പാൻകാർഡ്
6. ആധാർകാർഡ്
7. ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്
8. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്
9. ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 (ചൊവ്വ)
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 2025 ഡിസംബർ 11 (വ്യാഴം)