സത്യവാങ്മൂലം തന്നാൽ വോട്ടിടാം  ക്യാമ്പയിനുമായി 'കിഫ"

Friday 05 December 2025 12:48 AM IST

തിരുവനന്തപുരം: വോട്ടഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥികളെ 'സത്യവാങ്മൂലത്തിൽ" കുരുക്കി മലയോര കർഷകർ. കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുമ്പോൾ കേസെടുക്കാൻ അനുവദിക്കില്ലെന്നുള്ള സത്യവാങ്മൂലം ഒപ്പിട്ടു നൽകണമെന്നാണ് ആവശ്യം. കേരള ഇൻഡിപ്പെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് ക്യാമ്പയിൻ നടക്കുന്നത്. 8000 ത്തിലധികം സ്ഥാനാർത്ഥികൾ സത്യവാങ്മൂലത്തിൽ ഒപ്പിട്ടു.

ക്യാമ്പയിനോട് ആദ്യഘട്ടത്തിൽ സി.പി.എം സ്ഥാനാർത്ഥികൾ മുഖം തിരിച്ചെങ്കിലും ഇപ്പോൾ അവരും സഹകരിക്കുന്നുണ്ടെന്ന് കിഫ ഭാരവാഹികൾ പറഞ്ഞു. ചില സ്ഥാനാർത്ഥികൾ വാർഡിലെ എല്ലാ വീടുകളിലും സ്വന്തം ചെലവിൽ സത്യവാങ്മൂലം തയ്യാറാക്കി നൽകുന്നുമുണ്ട്.

 വന്യജീവികളെ പ്രതിരോധിക്കാൻ വ്യവസ്ഥ

കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങുന്ന വന്യജീവികളെ സ്വയരക്ഷാർത്ഥം കർഷകർക്ക് പ്രതിരോധിക്കാമെന്ന് കിഫ ഭാരവാഹികൾ പറയുന്നു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഇതിന് വ്യവസ്ഥയുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ വനത്തിന് പുറത്ത് വന്യജീവികളെ കൊന്നാൽ കേസെടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിനാൽ കൃഷിയിടങ്ങളിലും മറ്രും കർഷകർ പ്രതിരോധിക്കുമ്പോൾ കേസെടുക്കില്ലെന്ന് ജനപ്രതിനിധികളും സർക്കാരും ഉറപ്പ് നൽകണമെന്നാണ് ആവശ്യം.

വന്യമൃഗങ്ങളുടെ സംരക്ഷണത്തേക്കാൾ ജനങ്ങളുടെ ജീവനാണ് പ്രധാനം. രണ്ടാഴ്ചയോളമായി തുടങ്ങിയ ക്യാമ്പയിന് മലയോര മേഖലയിൽ വലിയ പ്രചാരമാണ് നേടിയിട്ടുള്ളത്. ഇത് നിയമസഭ തിരഞ്ഞെടുപ്പിൽ വ്യാപകമാക്കും.

- അലക്സ് ഒഴുകയിൽ,

കിഫ ചെയർമാൻ