പലിശ നിരക്ക് കുറച്ചേക്കും; ബാങ്കുകള്‍ക്കുള്ള പ്രഖ്യാപനം ഇന്ന്, പ്രതീക്ഷയോടെ ഭവന, വാഹന മേഖലകള്‍

Friday 05 December 2025 12:09 AM IST

റിസര്‍വ് ബാങ്ക് തീരുമാനം ഇന്ന്

കൊച്ചി: കയറ്റുമതി മേഖലയിലെ തളര്‍ച്ച കണക്കിലെടുത്ത് മുഖ്യ പലിശ നിരക്കായ റിപ്പോ റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കുറച്ചേക്കും. മൂന്ന് ദിവസത്തെ ധന നയ രൂപീകരണ യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഇന്ന് തീരുമാനം പ്രഖ്യാപിക്കും. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ അനിശ്ചിതമായി വൈകുന്നതും വിപണിയിലെ പണ ലഭ്യത ഉയര്‍ന്ന തലത്തില്‍ തുടരുന്നതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണ്. രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഒക്ടോബറില്‍ പത്ത് വര്‍ഷത്തെ താഴ്ന്ന നിരക്കായ .25 ശതമാനത്തിലെത്തിയതിനാല്‍ റിസര്‍വ് ബാങ്ക് ഉദാര നയ സമീപന സ്വീകരിക്കുമെന്നാണ് വിലയിരുത്തുന്നത്.

സാമ്പത്തിക മേഖലയിലെ തളര്‍ച്ച കണക്കിലെടുത്ത് നടപ്പുവര്‍ഷം ഫെബ്രുവരിക്ക് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ ഒരു ശതമാനം കുറച്ച് 5.5 ശതമാനമാക്കിയിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശയും കുറഞ്ഞു.

എന്നാല്‍ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിലും മികവോടെ 8.2 ശതമാനം വളര്‍ച്ച നേടിയതിനാല്‍ പലിശ കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികൂല ഘടകങ്ങള്‍

1. രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമായേക്കും

2. നാണയപ്പെരുപ്പം ഉയരാന്‍ സാദ്ധ്യതയേറും

അനുകൂല സാഹചര്യങ്ങള്‍

1. പലിശ കുറയുന്നതോടെ കയറ്റുമതിയിലെ തളര്‍ച്ച മറികടക്കാനാകും

2. ആഭ്യന്തര ഉപഭോഗം ഉയരുമെന്നതിനാല്‍ കമ്പനികളുടെ പ്രകടനം മെച്ചപ്പെടും

പ്രതീക്ഷയോടെ ഭവന, വാഹന മേഖലകള്‍

പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താന്‍ തീരുമാനം സഹായിക്കുമെന്ന് ഓഹരി വ്യാപാരികള്‍ പറയുന്നു. റിയല്‍റ്റി, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന മേഖലകളിലെ കമ്പനികള്‍ക്ക് പലിശ ഇളവ് ഗുണം ചെയ്യും. ആഗോള തലത്തില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായ പലിശ കുറയ്ക്കുന്നതിനാല്‍ റിസര്‍വ് ബാങ്കും സമാനമായ ധന നയമാകും സ്വീകരിക്കുകയെന്ന് അവര്‍ പറയുന്നു.

നിലവിലെ റിപ്പോ നിരക്ക് - 5.5 ശതമാനം