'സിസ്റ്റം' സൂരജ് ലാമയെ കൊലയ്ക്ക് കൊടുത്തു: ഹൈക്കോടതി
സർക്കാരുകൾ ഉത്തരം നൽകണം
കൊച്ചി: കുവൈറ്റിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച സൂരജ് ലാമയെ കൊലയ്‌ക്ക് കൊടുക്കുന്ന സമീപനമാണ് ഇവിടത്തെ 'സിസ്റ്റം" സ്വീകരിച്ചതെന്ന് ഹൈക്കോടതി. കുവൈറ്റിൽ സിസ്റ്റം കൃത്യമായി പ്രവർത്തിച്ചു, പക്ഷെ ഇവിടെ അയാൾ അന്യനായി മാറിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. സൂരജ് ലാമയെ കണ്ടെത്താത്തതിൽ മകൻ സാന്റോൺ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം.
സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കഴിഞ്ഞ ദിവസം കളമശേരിയിൽ നിന്ന് ലഭിച്ചെങ്കിലും ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടില്ല.
മറ്റൊരു രാജ്യത്തുനിന്ന് ഒരാൾ നാടുകടത്തപ്പെടുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ എന്തെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. രോഗം മുതൽ ഭീകരവാദം വരെ ഒട്ടേറെ കാരണങ്ങളാലാകും നാടുകടത്തപ്പെടുന്നത്. ഇതിന് വിധേയനാകുന്നയാൾ ഇമിഗ്രേഷൻ കടമ്പകൾ സ്വതന്ത്രമായി കടന്നെന്ന് എങ്ങനെ പറയാനാകും? ലാമയ്‌ക്ക് ഓർമ്മക്കുറവുണ്ടെന്ന് പറയുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അതിനുശേഷം ആരും കണ്ടിട്ടില്ല. സൂരജ് ലാമയ്‌ക്ക് എന്ത് പറ്റിയെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. സമഗ്രമായ റിപ്പോർട്ടാണ് നൽകേണ്ടത്. വിഷയം10ന് വീണ്ടും പരിഗണിക്കും.
കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ആലുവ ഡിവൈ.എസ്.പി ഇടക്കാല റിപ്പോർട്ട് ഫയൽ ചെയ്തു. മെഡിക്കൽ കോളേജിൽ പൊലീസ് എത്തിച്ച സൂരജ് ലാമയെ കാണാതായതിൽ പൊലീസിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകണം. ഒക്ടോബർ 5ന് പുലർച്ചെ 2.15നാണ് നെടുമ്പാശേരിയിൽ ലാമ വിമാനമിറങ്ങിയത്. പിന്നീട് കാണാതായതോടെയാണ് ബംഗളൂരുവിൽ നിന്നെത്തിയ മകൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.