ബ്രഹ്മോസ്, മെയ്ഡ് ഇൻ ട്രിവാൻഡ്രം; തലസ്ഥാനം തന്ത്ര പ്രധാന കേന്ദ്രമാവും

Friday 05 December 2025 1:36 AM IST

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിനുശേഷം, ഇന്ത്യൻ പ്രതിരോധരംഗത്തെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ കാത്തിരിക്കുന്നത് 17രാജ്യങ്ങൾ. ഫിലിപ്പൈൻസിന് 3300 കോടിക്ക് മിസൈലുകൾ കൈമാറിക്കഴിഞ്ഞു. പ്രതിവർഷം 100 മിസൈലുകൾ നിർമ്മിക്കുന്ന ലഖ്നൗ യൂണിറ്റിന് പിന്നാലെ തിരുവനന്തപുരം നെട്ടുകാൽത്തേരിയിലും നിർമ്മാണ യൂണിറ്റ് തുടങ്ങുന്നതിന് വഴിതുറക്കുകയാണ്. ഇതോടെ തിരുവനന്തപുരം പ്രതിരോധ, ബഹിരാകാശ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രമായി മാറും.

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ 457 ഏക്കറിൽ നിന്ന് ഇതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ കഴിഞ്ഞദിവസം സുപ്രീംകോടതി അനുമതി നൽകിയിരുന്നു. അത്യാധുനിക ബ്രഹ്മോസ് മിസൈൽ നിർമ്മാണം കൂടാതെ തന്ത്രപ്രധാനമായ ഹാർഡ്‌വെയർ നിർമ്മാണവും ഇവിടെ നടക്കും.

നിലവിൽ ചാക്കയിലെ ബ്രഹ്മോസ് എയ്‌റോസ്പേസിൽ മിസൈൽ നിർമ്മാണത്തിനുള്ള ഇന്റഗ്രേഷൻ സംവിധാനങ്ങളുണ്ടാക്കുന്നുണ്ട്. മിസൈലുകളിൽ ഉപയോഗിക്കുന്ന സ്‌മാൾ ടർബൈൻ ഫാൻ എൻജിൻ നിർമ്മിക്കുന്ന രാജ്യത്തെ ഏകസ്ഥാപനവുമാണിത്. ഐ.എസ്‌.ആർ.ഒ, ബാർക്ക്‌, ജി.ടി.ആർ.ഇ, കൽപ്പാക്കം ആണവനിലയം തുടങ്ങിയ സ്ഥാപനങ്ങൾക്കും യന്ത്രഘടകങ്ങൾ നിർമ്മിച്ച് നൽകുന്നു.

റോക്കറ്റ് എൻജിനും ദ്രവഇന്ധനവും നാവിഗേഷൻ സംവിധാനവും നിർമ്മിക്കുന്ന ഐ.എസ്.ആർ.ഒ യൂണിറ്റുകളും തിരുവനന്തപുരത്തുണ്ട്. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേന്ദ്രസായുധ പൊലീസ് സേനയായ സശസ്ത്ര സീമ ബല്ലിന്റെ (എസ്.എസ്.ബി) ബറ്റാലിയൻ ആസ്ഥാനവും നെട്ടുകാൽത്തേരിയിൽ വരുന്നുണ്ട്.

വൻ തൊഴിലവസരം

1.ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റുകൂടി വരുന്നതോടെ തിരുവനന്തപുരം

ഹൈടെക്നോളജി ഹബ്ബായി വളരും. നിരവധി ചെറുകിട വ്യവസായങ്ങൾക്കും ഗുണകരമാവും.

2.നൂറുകണക്കിന് ഉപകരാറുകൾ അനുബന്ധ വ്യവസായ ശാലകൾക്ക് ലഭിക്കും. ഇലക്ട്രോണിക്സ്, എയ്‌റോസ്പേസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ മേഖലകളിലടക്കം വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും

ഫോറൻസിക് സയൻസ്

യൂണി.,​ എസ്.എസ്.ബി

തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്ന നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി ദേശീയതലത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമായിരിക്കും. ക്രിമിനൽക്കേസുകളിൽ, ഐ ഫോണിന്റെ പാസ്‌വേർഡ് തുറക്കാനുള്ള സംവിധാനംപോലും നിലവിൽ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിൽ ഇല്ല. കേന്ദ്രസായുധ പൊലീസ് സേനയായ സശസ്ത്ര സീമ ബല്ലിന്റെ (എസ്.എസ്.ബി) ബറ്റാലിയൻ ആസ്ഥാനവും വരുന്നതോടെ ഒരു കേന്ദ്രസേനയുടെ കൂടി സ്ഥിരം സാന്നിദ്ധ്യം തലസ്ഥാനത്തുണ്ടാവും. മനുഷ്യക്കടത്ത്, മയക്കുമരുന്ന്- ആയുധക്കടത്ത്, നുഴഞ്ഞുകയറ്റം എന്നിവ തടയാൻ പരിശീലനം ലഭിച്ച സേനയാണിത്. വിഴിഞ്ഞം തുറമുഖം തന്ത്രപ്രധാനമായതിനാൽ എസ്.എസ്.ബിയുടെ സാന്നിദ്ധ്യം നിർണായകമാകും.