ഇന്ത്യൻ റോക്കറ്റുകൾക്ക് കരുത്തുകൂട്ടാൻ റഷ്യയുടെ സെമി ക്രയോജനിക് എൻജിൻ
ഇന്ന് മോദി-പുട്ടിൻ ഉച്ചകോടിയിൽ ചർച്ചയാകാൻ സാദ്ധ്യത
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് റഷ്യ പിന്തുണ നൽകാൻ സാദ്ധ്യത. എൻജിൻ നിർമ്മാണം,റോക്കറ്റ് ഇന്ധനം,പൈലറ്റഡ് ബഹിരാകാശ യാത്ര,ദേശീയ പരിക്രമണ സ്റ്റേഷനുകളുടെ വികസനം എന്നീ മേഖലകളിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകിയേക്കും. ഇന്ന് ഡൽഹിയിൽ നടക്കുന്ന 23-ാമത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.
വൻകിട റോക്കറ്റുകൾ സ്വന്തമായുള്ള രാജ്യമാണ് റഷ്യ. ഇന്ത്യ സെമി ക്രയോജനിക് എൻജിനുകൾ വാങ്ങിയേക്കും. മണ്ണെണ്ണയും ലിക്വിഡ് ഓക്സിജനും ഉപയോഗിക്കുന്ന എൻജിനുകളാണ് സെമി ക്രയോജനിക്. റോക്കറ്റുകളുടെ ഭാരം കുറയ്ക്കാനും കൂടുതൽ ഭാരവാഹകശേഷി കൈവരിക്കാനും ഇത് സഹായിക്കുമെന്നതാണ് നേട്ടം. ആർ.ഡി-191 എൻജിനുകൾ ആകും വാങ്ങുക. എൽ.വി.എം 3 റോക്കറ്റ് പതിപ്പിൽ ആർ.ഡി-191 എൻജിനുകൾ ഇന്ത്യ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. പി.എസ്.എൽ.വിക്കും ജി.എസ്.എൽ.വിക്കും ശേഷം അതീവശേഷിയുള്ള ന്യൂജനറേഷൻ റോക്കറ്റിന്റെ വികസനദൗത്യത്തിലാണ് ഐ.എസ്.ആർ.ഒ.
യു.എസ് താരിഫ് പ്രശ്നം
റഷ്യയോട് താത്പര്യം കൂട്ടി
ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം ഇന്ത്യയുടെ സുപ്രധാനപദ്ധതിയാണ് ബഹിരാകാശത്ത് ഇന്ത്യക്കാരെ അയക്കുന്ന ഗഗൻയാൻ. ഇതിൽ റഷ്യ,അമേരിക്ക,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹകരണം തേടിയിരുന്നു. തുടർന്ന് അമേരിക്കയുമായി ചേർന്ന് നിസാർ ഉപഗ്രഹപദ്ധതിയും ഏറ്റെടുത്തിരുന്നു. നാസയുമായി കൂടുതൽ സഹകരണത്തിനും തുടക്കമിട്ടിരുന്നു.
അമേരിക്കയുടെ താരിഫ് നടപടികൾ സഹകരണത്തിൽ മങ്ങലേൽപിച്ച സാഹചര്യത്തിൽ റഷ്യയുമായി ബഹിരാകാശ ശാസ്ത്രമേഖലയിൽ കൂടുതൽ സഹകരിക്കാൻ ഇന്ത്യ താത്പര്യം കാട്ടുമെന്നാണ് കരുതുന്നത്.
1960കൾ മുതൽ ആരംഭിച്ചതാണ് റഷ്യയുമായുള്ള ബഹിരാകാശ പങ്കാളിത്തം. 1975ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹവിക്ഷേപണമായ ആര്യഭട്ടയ്ക്ക് റഷ്യയുടെ സഹായമുണ്ടായിരുന്നു. 1984ൽ രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പോയതും സോവിയറ്റ് പേടകത്തിലായിരുന്നു. വരാനിരിക്കുന്ന മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിലും റഷ്യ സഹകരിക്കുന്നുണ്ട്.