രാഹുലിന്റെ രാഷ്ട്രീയത്തിനാണ് പിന്തുണ; വ്യക്തിക്കല്ലെന്ന് ഷാഫി
Friday 05 December 2025 12:39 AM IST
കോഴിക്കോട്: പാർട്ടി നടപടി വന്നതോടെ രാഹുൽ മാങ്കൂട്ടത്തിനെ പരസ്യമായി തള്ളി ഷാഫി പറമ്പിൽ എം.പി. രാഹുലിനെതിരായ നടപടിയിൽ പാർട്ടി നിലപാടിനൊപ്പമാണ്. രാഹുലിനെ ഇക്കാലമത്രയും പിന്തുണച്ചത് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിലാണ്. അത് രാഷ്ട്രീയം മാത്രമാണ്, ഒരിക്കലും വ്യക്തിപരമല്ലെന്നും ഷാഫി പറഞ്ഞു. പാർട്ടിക്ക് പരാതി കിട്ടിയപ്പോൾ നിയമപരമായി ചെയ്യാനുള്ള സമീപനമാണ് സ്വീകരിച്ചത്. സംരക്ഷിക്കാൻ നിന്നില്ല. ക്രിമിനൽ സ്വഭാവമുള്ളതും നടപടിയ്ക്ക് വേണ്ടിയുള്ളതുമായ രേഖാമൂലമുള്ള പരാതികൾ ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. അത്തരം ആരോപണങ്ങളിൽ കാര്യമില്ല. രാഹുലുമായുള്ള സൗഹൃദം വ്യക്തിപരമല്ലെന്നും അത് രാഷ്ട്രീയത്തിൽ നിന്നും ആരംഭിച്ചതാണെന്നും ഷാഫി പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ചതുപോലുള്ള നിലപാട് എന്നെങ്കിലും സി.പി.എം സ്വീകരിച്ചിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.