പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു: സതീശൻ
Friday 05 December 2025 12:41 AM IST
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്ന് ഒരു പൊലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ,നടപടിയെടുക്കാൻ സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. ഈ വിഷയം തിരഞ്ഞെടുപ്പുവരെ ലൈവായി നിലനിറുത്തി അതിലൂടെ ശബരിമല സ്വർണക്കൊള്ളയുടെ ചർച്ച ഒഴിവാക്കാനായിരുന്നു ശ്രമം. എന്നാൽ,ഞങ്ങളുടെ തീരുമാനം അവർ പ്രതീക്ഷിച്ചില്ല. രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ബുധനാഴ്ച തീരുമാനമെടുത്തിരുന്നു. നടപടി ഇന്ന് പ്രഖ്യാപിച്ചെന്നേയുള്ളൂ. ഇത് സി.പി.എം മാതൃകയാക്കണം. എ.കെ.ജി സെന്ററിൽ പൊടിയും മാറാലയും പിടിച്ച് ഒരുപാട് പരാതികൾ കിടക്കുന്നുണ്ട്. അവ പൊലീസിന് കൈമാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.