ശിവഗിരി മഠത്തിന് 5 ഏക്കർ ഭൂമി അനുവദിച്ച് കർണാടക സർക്കാർ
മംഗലാപുരം: ശിവഗിരി മഠത്തിന്റെ ആശ്രമം സ്ഥാപിക്കാൻ കർണാടകയിൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
ഗുരുദേവദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അതിനുവേണ്ടി ശിവഗിരി മഠത്തിന്റെ പ്രവർത്തനം വ്യാപകമാക്കാനാണ് ഇതു സമർപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവഗിരി മഠത്തിന്റെയും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റി ശ്രീനാരായണ അദ്ധ്യായനപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗുരുവിന്റെ മഹാപരിനിർവ്വാണ ശതാബ്‌ദി, ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി,ഗുരു-ഗാന്ധി സമാഗമ ശതാബ്‌ദി എന്നിവയെ ഉൾകൊള്ളിച്ചുകൊണ്ട് മംഗലാപുരത്ത് നടന്ന മഹാസമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രഖ്യാപിച്ചത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ആഘോഷ പരിപാടികളുടെ മുഖ്യ സംഘാടകൻ സ്വാമി ജ്ഞാനതീർത്ഥ എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ് സ്ഥലം അനുവദിച്ചത്
അഭിനന്ദനം അറിയിച്ച്
സ്വാമി സച്ചിദാനന്ദ
ആശ്രമത്തിന് ഭൂമി അനുവദിച്ച കർണാടക സർക്കാരിനെയും
മംഗലാപുരത്തു മഹാസമ്മേളനം നടത്താൻ തയ്യാറായ കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റിയെയും ബില്ലവ സംഘടനകളെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിനന്ദിച്ചു.
ശ്രീനാരായണ ഗുരുദേവൻ മംഗലാപുരം സന്ദർശിച്ചതിന്റെ 117-ാമത് വർഷമാണിത്. ഗുരുദേവ പരിനിർവ്വാണ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കേരളത്തിന് പുറത്തായി 100 സമ്മേളനങ്ങൾ ശിവഗിരി മഠം നടത്തുന്നുണ്ട്. ആദ്യ സമ്മേളനം നവംബർ 22ന് കോയമ്പത്തൂരിൽ നടന്നു.മംഗലാപുരം സമ്മേളനം രണ്ടാമത്തേതാണ്.
സമ്മേളനം വിജയിപ്പിക്കാൻ നേതൃത്വം നൽകിയ നിയമസഭ സ്പീക്കർ യു.ടി.ഖാദർ , സ്വാമി ജ്ഞാനതീർത്ഥ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്വാമി വിഖ്യാതാനന്ദ, കമ്മിറ്റി ചെയർമാൻ കെ.വി.ഹരിപ്രസാദ്, കൺവീനർ പി.വി. മോഹനൻ , സ്വാമി സത്യാനന്ദ തീർത്ഥ എന്നിവരെയും നൂറു കണക്കിന് കമ്മിറ്റി അംഗങ്ങളെയും മഠത്തിന്റെ അഭിനന്ദനം സ്വാമി അറിയിച്ചു .ഗുരുദേവന്റെ ഏകലോക ദർശനം ജനഹൃദയങ്ങളിൽ എത്തിക്കുവാൻ കർണ്ണാടകയിൽ സ്ഥാപിതമാകുന്ന ശ്രീനാരായണ ഗുരുമഠത്തിന് സാധിക്കുമെന്ന പൂർണ്ണ വിശ്വാസമാണ് ശിവഗിരി മഠത്തിനുള്ളത്. അതിന്റെ വിജയത്തിനായി എല്ലാപേരുടെയും സഹായം അഭ്യർത്ഥിക്കുന്നതായും സ്വാമി പറഞ്ഞു.