സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അധോലോക സംഘം: ചെന്നിത്തല

Friday 05 December 2025 12:43 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര അധോലോക സംഘങ്ങൾ ശബരിമല സ്വർണക്കൊള്ളയിൽ ഇടപെട്ടതിനാൽ അതുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ. പുരാവസ്തു മൂല്യമുള്ളതിനാൽ 500 കോടിയോളം രൂപയുടെ ഇടപാട് നടന്നതായാണ് സംശയം. പല വിവാദ വ്യവസായികളും ഇതിന് പിന്നിലുണ്ട്. ലഭിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാർ പറഞ്ഞ ദൈവതുല്യൻ കാരണഭൂതനാണോയെന്ന് തനിക്കറിയില്ല. അന്വേഷണം മന്ത്രിമാരിലേക്ക് കടക്കുമ്പോൾ അവർക്കും ജയിലിൽ പോകേണ്ടിവരും. സജീവമായ ബി.ജെ.പി- സി.പി.എം അന്തർധാരയിൽ ദല്ലാളായതിന്റെ പാരിതോഷികമാണ് ജോൺ ബ്രിട്ടാസിന് ലഭിച്ച എം.പി സ്ഥാനം. ബ്രിട്ടാസ് പാലമായി പ്രവർത്തിച്ചെന്ന വെളിപ്പെടുത്തലിൽ അത്ഭുതമില്ല. എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം യു.ഡി.എഫിനെ വിജയിപ്പിക്കുമെന്നും പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചെന്നിത്തല പറഞ്ഞു.