ലേബർ നിയമത്തിലും കേന്ദ്രത്തിന് പിന്മാറേണ്ടിവരും: ബിനോയ് വിശ്വം
കോഴിക്കോട്: സഞ്ചാർ സാഥി പോലെ ലേബർ നിയമത്തിലും കേന്ദ്രസർക്കാരിന് പിന്മാറേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൗരന്റെ സ്വകാര്യതയിലേക്കുള്ള സ്റ്റേറ്റിന്റെ ഒളിഞ്ഞുനോട്ടമാണ് സഞ്ചാർ സാഥി. ഇതിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയപ്പോൾ കേന്ദ്രത്തിന് നിലപാട് മാറ്റേണ്ടി വന്നെന്നും കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയിൽ ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പാലമായി മാറിയെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു മറുപടി. ബ്രിട്ടാസ് രാവിലെ വിളിച്ചിരുന്നു, എസ്.എസ്.എയുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കാനുള്ള പണത്തിന് വേണ്ടിയാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.