സ്പോൺസർമാർ പിൻവലിഞ്ഞു; മലകയറാതെ ശബരിമല മാസ്റ്റർ പ്ളാൻ

Friday 05 December 2025 12:45 AM IST

ശബരിമല : സ്പോൺസർമാർ കൂട്ടത്തോടെ പിൻമാറിയതോടെ ശബരിമലയുടെ സമഗ്ര വികസനവും തീർത്ഥാടകരുടെ സുരക്ഷയും സുഖദർശനവും ലക്ഷ്യമിട്ട് ആവിഷ്കരിച്ച വികസന മാസ്റ്റർ പ്ളാൻ വൈകും. ഈ തീർത്ഥാടന കാലത്തിന് ശേഷം മാസ്റ്റർ പ്ളാൻ പദ്ധതികൾ മുൻഗണനാക്രമം നിശ്ചയിച്ച് തുടങ്ങാനായിരുന്നു തീരുമാനം. ഇതിന് ഫണ്ട് കണ്ടെത്താൻ കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും വേണ്ടത്ര ഫലം കാണാത പോയതോടെ പദ്ധതികളുടെ മുൻഗണന നി​ശ്ചയിക്കാനും ഫണ്ട് കണ്ടെത്താനും മാസ്റ്റർ പ്ളാൻ സമിതിയുടെ പ്രത്യേക യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോർഡ്.

ഡിസംബർ 29ന് തിരുവനന്തപുരത്ത് യോഗം ചേരാനാണ് തീരുമാനം. ശബരിമല ഉന്നതാധികാര സമിതി മുൻ ചെയർമാൻ കൂടിയാണ് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. യുവതി​ പ്രവേശനവും സ്വർണ്ണക്കൊള്ള വിവാദങ്ങളുമൊക്കെയാണ് സ്പോൺസർമാരുടെ കൂട്ടത്തോടെയുള്ള പിൻമാറ്റതിന് കാരണമായത്.

2006ൽ ആണ് ദേവസ്വം ബോർഡ് മാസ്റ്റർ പ്ളാൻ പദ്ധതി ആവിഷ്കരിച്ചത്. 2007ൽ സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ച് തുടർനടപടികൾക്ക് അനുമതി നൽകി. 2011-12 സാമ്പത്തിക വർഷം മുതൽ സർക്കാർ ബഡ്ജ​റ്റ് വിഹിതവും വകയിരുത്തിത്തുടങ്ങി. ഇതുവരെ 335 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 142.5 കോടി രൂപ ചെലവഴിച്ചു. ശബരിമല സന്നിധാനത്ത് ഒരുക്കേണ്ട കാര്യങ്ങൾ, മാസ്​റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിച്ചത്. 2005 - 2006 കാലഘട്ടത്തിൽ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്രസ്‌ട്രക്ച്ചർ ലീസ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനമാണ് 2050 വരെയുള്ള ശബരിമലയുടെ സമഗ്ര മാസ്​റ്റർ പ്ലാൻ തയ്യാറാക്കിയത്.

മാസ്റ്റർ പ്ളാനിലെ പ്രധാന പദ്ധതികൾ

1.പമ്പ ഹിൽടോപ്പിൽ നിന്ന് ഗണപതികോവിലിലേക്ക്

സുരക്ഷാ പാലം : 32 കോടി.

2. ദർശനം നടത്തി മടങ്ങുന്ന തീർത്ഥാടകരെ തിരിച്ചുവിടാൻ ചന്ദ്രാനന്ദൻ റോഡിൽ പാലം : 40 കോടി.

3. പുതിയ പ്രസാദ മണ്ഡപം, തന്ത്രി, മേൽശാന്തി മഠങ്ങൾ, തിരുമുറ്റ വികസനം : 96 കോടി.

4. നിലയ്ക്കൽ ബേസ് ക്യാമ്പിൽ സുരക്ഷാ ഇടനാഴി , പിൽഗ്രിം സെന്റർ നിർമ്മാണം : 145 കോടി.

5. സന്നിധാനത്തെ അന്നദാന മണ്ഡപം , തീർത്ഥാടകർ താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാസംവിധാനം ഒരുക്കൽ : 4 കോടി.

പദ്ധതികൾക്ക് മുൻഗണന നിശ്ചിക്കാനും ഫണ്ട് കണ്ടെത്താനും മാസ്റ്റർ പ്ളാൻ കമ്മിറ്റിയുട‌െ പ്രത്യേക യോഗം ചേരും. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന ഫണ്ട് മാത്രമാണ് മാസ്റ്റർ പ്ളാനിനായി ഇപ്പോഴുള്ളത്. ഫണ്ടാണ് തടസമെങ്കിൽ ബോർഡ് മുൻകയ്യെടുത്ത് സ്പോൺസർമാരെ കണ്ടെത്തും. വൻകിട സ്ഥാപനങ്ങളെ ഇതിനായി ക്ഷണിക്കും.

കെ.ജയകുമാർ

(ദേവസ്വം ബോർഡ് പ്രസിഡന്റ്)