കേരളത്തിൽ റോ‌ഡുപണി വെല്ലുവിളി: കേന്ദ്രമന്ത്രി ഗഡ്‌കരി

Friday 05 December 2025 1:46 AM IST

ന്യൂഡൽഹി: റോഡുകൾക്ക് ഇരുവശവും നഗരവത്കരണം നടന്നതിനാൽ കേരളത്തിൽ റോഡു വികസനം വെല്ലുവിളിയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വൻതുക നൽകേണ്ടി വരുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ അടിപ്പാതകൾ അടക്കം നിർമ്മിക്കാൻ എം.പിമാരുടെ വക സമ്മർദ്ദമുണ്ടാകും. ഭൂമി ഏറ്റെടുക്കൽ ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാരിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സഹായം വാഗ്‌ദാനം ചെയ്‌തു. പകരം റോഡു നിർമ്മാണ സാമഗ്രികളുടെ നികുതി ഒഴിവാക്കണമെന്ന ഉപാധിയാണ് വച്ചത്. ഇങ്ങനെയാണ് വികസനം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 പുതിയ 10,000 കിലോമീറ്റർ പദ്ധതികൾ

നിലവിൽ രാജ്യത്തുടനീളം 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നടക്കുന്നുണ്ടെന്നും 2026 സാമ്പത്തിക വർഷത്തിൽ 10,000 കിലോമീറ്റർ ദേശീയപാത പദ്ധതികൾ അനുവദിക്കുമെന്നും ഗഡ്‌കരി പാർലമെന്റിൽ അറിയിച്ചു.