വിധികർത്താവ് ഗുരുവായി, അപൂർവ സമാഗമം!

Friday 05 December 2025 1:09 AM IST

കൊട്ടാരക്കര: ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ച കുട്ടിക്ക് വിധികർത്താവ് ഗുരുവായി മാറി. കുളക്കട സബ് ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കന്നട പദ്യം ചൊല്ലലിൽ ഒന്നാം സമ്മാനം ലഭിച്ച പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അവന്തിക വിജയ്ക്കാണ് യാദൃശ്ചികമായി ഗുരുവിനെ ലഭിച്ചത്. ഉച്ചാരണത്തിലെ ചില്ലറ തെറ്റുകൾ പറഞ്ഞുകൊടുത്താണ് അവന്തികയും വിധികർത്താവായ കാസർകോടുകാരി അയിഷയും കൂട്ടുകൂടിയത്. കന്നട പഠിപ്പിക്കാമോയെന്ന അവന്തികയുടെ ചോദ്യത്തിന് അയിഷ സമ്മതമറിയിക്കുകയും ഓൺലൈനായി പഠിപ്പിക്കുകയുമുണ്ടായി. റവന്യൂ ജില്ലാ കലോത്സവത്തിൽ അവന്തിക വിജയ് ഒന്നാം സമ്മാനം നേടിയതറിഞ്ഞതോടെ നേരിൽക്കണ്ട് അഭിനന്ദിക്കാൻ അയിഷ കാസർകോട് നിന്ന് വണ്ടികയറി. പുത്തൂർ സ്കൂളിൽ വച്ചായിരുന്നു സമാഗമം. അയിഷയ്ക്കും പ്രത്യേക ഉപഹാരം നൽകിയാണ് സ്കൂളിന്റെ സ്നേഹവും അറിയിച്ചത്.