മരിച്ചെന്ന് കരുതിയ സഹോദരിയെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

Friday 05 December 2025 1:10 AM IST

കൊട്ടാരക്കര: മരിച്ചെന്ന് കരുതിയ സഹോദരിയെ വ‌ർഷങ്ങൾക്ക് ശേഷം നേരിട്ട് കണ്ടപ്പോൾ സഹോദരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിശ്വസനീയമായ ജീവിത മുഹൂർത്തമായിരുന്നു ഇന്നലെ കലയപുരം ആശ്രയ സങ്കേതത്തിലുണ്ടായത്.

പശ്ചിമ ബംഗാളിലെ മേദിനിപ്പൂർ ജില്ലയിൽ ചക്ബാജിത് ഗ്രാമവാസിയായ സുഖി മുർമ്മൂവിനാണ് ആശ്രയയിൽ നിന്ന് വ‌‌‌ർഷങ്ങൾക്ക് ശേഷം ബന്ധുക്കൾക്കൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങാനായത്.

ഏഴുവർഷം മുമ്പാണ് കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുനടന്നിരുന്ന സുഖി മുർമ്മുവിനെ കുണ്ടറ പൊലീസാണ് കലയപുരം ആശ്രയ സങ്കേതത്തിലെത്തിച്ചത്. മാനസികനില തകരാറിലായിരുന്ന ഇവർ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചിരുന്നത്. ആശ്രയ സങ്കേതത്തിൽ നിന്ന് മെച്ചപ്പെട്ട ചികിത്സ ലഭിച്ചതോടെ അവർ പഴയ ഓർമ്മകളിൽ തിരിച്ചെത്തി. സുഖി മുർമ്മു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ്രയ നടത്തി തെരച്ചിലിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. സഹോദരങ്ങളായ വാസുദേവ് മുർമ്മുവും വിജയദേവ് മുർമ്മുവും ആശ്രയ സങ്കേതത്തിലെത്തി സഹോദരിയെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.