വൺഡേയിലെ 'ഫൈനൽ' നാളെ

Friday 05 December 2025 1:56 AM IST

വിശാഖപട്ടണം : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനം നാളെ വിശാഖട്ടണത്ത് നടക്കും. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ പരമ്പര വിജയികളെ നിശ്ചയിക്കുന്നത് ഈ മത്സരമായിരിക്കും.

തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ച്വറിയടിച്ച വിരാട് കൊഹ‌്‌ലിയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസം. രോഹിത് ശർമ്മ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. റുതുരാജ് ഗെയ്‌ക്ക്‌വാദ് രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. കെ.എൽ രാഹുൽ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറിയും നേടിയിരുന്നു.

രണ്ട് മത്സരങ്ങളിലും മഞ്ഞുവീഴുന്ന രാത്രിയിൽ ചേസ് ചെയ്യാനിറങ്ങിയതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. രണ്ടാമത് ബൗൾചെയ്യുന്നത് ഉത്തരേന്ത്യയിൽ ദുഷ്കരമായതിനാലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇരു മത്സരങ്ങളിലും 300ലേറെ റൺസ് സ്കോർ ചെയ്യാനായത്. മാർക്കോ യാൻസൻ, മാർക്രം, ഡെവാൾഡ് ബ്രെവിസ്, കോർബീൻ ബോഷ് തുടങ്ങിയവരുടെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്ക് തുണയാണ്.