ദേശീയ സ്കൂൾ കായികമേള : സബ്ജൂനിയറിലും കേരളം സൂപ്പറായി
Friday 05 December 2025 1:59 AM IST
രണ്ട് വെങ്കലത്തിൽ നിന്ന് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്
ഇൻഡോർ : കഴിഞ്ഞ ദിവസം ഹരിയാനയിലെ ഭിവാനിയിൽ സമാപിച്ച ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ ഓവറാൾ ചാമ്പ്യന്മാരായതിന് പിന്നാലെ ഇന്നലെ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 69-ാ മത് ദേശീയ സ്കൂൾ സബ്ജൂനിയർ അത്‌ലറ്റിക്സിലും കേരളം ഓവറാൾ ചാമ്പ്യന്മാരായി. 4 സ്വർണവും മൂന്ന് വെങ്കലമെഡലും നേടി 28 പോയിന്റ് കരസ്ഥമാക്കിയാണ് കേരള ടീം ഓവറോൾ ചാമ്പ്യന്മാരായത്. കഴിഞ്ഞവർഷം വെറും രണ്ട് വെങ്കലങ്ങളിൽ ഒതുങ്ങേണ്ടിവന്ന കേരളം ഇക്കുറി മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇക്കുറി പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യൻസും കേരളമാണ്. ചിട്ടയായ പരിശീലനവും മികച്ച ആസൂത്രണവുമാണ് കേരളത്തിന്റെ വിജയത്തിന് വഴിയൊരുക്കിയത്.