മുഷ്താഖിൽ മുട്ടൻ അട്ടിമറി മുംബയ്‌യെ മുട്ടുകുത്തിച്ച് കേരളം

Friday 05 December 2025 2:00 AM IST

ലക്നൗ : ഇന്ത്യൻ ട്വന്റി-20 ടീം നായകൻ സൂര്യകുമാർ യാദവ് ഉൾപ്പടെ സൂപ്പർ താരങ്ങൾ അണിനിരന്ന മുംബയ്‌യെ സെയ്ദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ അട്ടിമറിച്ച് സഞ്ജു സാംസൺ നയിച്ച കേരളം. ഇന്നലെ ലക്നൗവിൽ നടന്ന മത്സരത്തിൽ 15 റൺസിനാണ് കേരളം മുട്ടുകുത്തിച്ചത്. അജിങ്ക്യ രഹാനെ, ശിവം ദുബെ, സർഫ്രാസ് ഖാൻ, ശാർദുൽ താക്കൂർ എന്നീ ഇന്ത്യൻ കുപ്പായമണിഞ്ഞവരും മുംബയ്‌ക്ക‌് വേണ്ടി ഇറങ്ങിയിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്‌യെ 19.4 ഓവറിൽ 163 റൺസിന് ആൾഔട്ടാക്കിയാണ് കേരളം വിജയം കണ്ടത്.3.4 ഓവറിൽ 24 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത കെ.എം ആസിഫാണ് മുംബയ് ബാറ്റിംഗിനെ തകർത്തത്. വിഗ്നേഷ് പുത്തൂർ രണ്ടു വിക്കറ്റെടുത്തു. ഷറഫുദ്ദീൻ, എം.ഡി നിധീഷ്, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 15 പന്തുകളിൽ അഞ്ചു ഫോറുകളും രണ്ട് സിക്സുകളുമടക്കം 35 റൺസ് നേടുകയും ആദ്യ ഓവറിൽ തന്നെ മുംബയ്‌യുടെ യുവസൂപ്പർ താരം ആയുഷ് മാത്രേയെ ബൗൾഡാക്കുകയും ചെയ്ത ഷറഫുദ്ദീനാണ് മാൻ ഒഫ് ദ മാച്ച്.

28 പന്തിൽ ഒരു സിക്‌സും എട്ട് ഫോറുമടക്കം 46 റൺസെടുത്ത ക്യാപ്ടൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. വിഷ്ണു വിനോദ് 40 പന്തിൽ 43 റൺസും അസ്ഹറുദ്ദീൻ 25 പന്തിൽ 32 റൺസുമെടുത്തു.അവസാന ഓവറുകളിൽ ഷറഫുദ്ദീൻ നടത്തിയ വെടിക്കെട്ടാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്.

179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 40 പന്തിൽ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 52 റൺസെടുത്ത സർഫ്രാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറർ. രഹാനെ 18 പന്തിൽ നിന്ന് 32 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ സർഫ്രാസ് - രഹാനെ സഖ്യം 52 പന്തിൽ നിന്ന് 80 റൺസെടുത്തപ്പോൾ മുംബയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ 10-ാം ഓവറിൽ രഹാനെയെ വിഘ്നേഷ് പുത്തൂരും സർഫ്രാസിനെ 12-ാം ഓവറിൽ അബ്ദുൽ ബാസിത്തും പുറത്താക്കി. തുടർന്ന് മുംബയ്ക്ക് ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകൾ നഷ്ടമായി. സൂര്യകുമാർ 25 പന്തിൽ നിന്ന് 32 റൺസെടുത്തെങ്കിലും ആസിഫിന്റെ ബൗളിംഗിൽ അഹമ്മദ് ഇമ്രാന് ക്യാച്ച് നൽകി മടങ്ങി. ശിവം ദുബെയെ (11) വിഘ്നേഷിന്റെ പന്തിൽ സഞ്ജു സ്റ്റംപ് ചെയ്തുവിട്ടു. മുംബയ്‌യെ നയിച്ച ശാർദൂൽ താക്കൂർ(0) ഉൾപ്പടെയുള്ളവരെ അവസാന ഓവറുകളിൽ ആസിഫാണ് പുറത്താക്കിയത്.

കേരളത്തിന്റെ മൂന്നാം ജയം

സെയ്ദ് മുഷ്താഖ് ട്രോഫിയിൽ നേരിട്ട നാലുകളികളിൽ ഇത് മൂന്നാം തവണയാണ് കേരളം മുംബയ്‌യെ തോൽപ്പിക്കുന്നത്.

2015/16 സീസണിൽ മാത്രമാണ് കേരളം തോറ്റത്. 2020/21, 2024/25 സീസണുകളിൽ കേരളം വിജയിച്ചു. മൂന്ന് തവണയും കേരളത്തെ വിജയത്തിലേക്ക് നയിച്ചത് സഞ്ജു സാംസണാണ്.

കേരളം മൂന്നാമത്

ഇന്നലെ തോറ്റെങ്കിലും എലൈറ്റ് ഗ്രൂപ്പ് എയിൽ അഞ്ചുകളിൽ നിന്ന് 16 പോയിന്റുമായി ഒന്നാമതാണ് മുംബയ്. അഞ്ചുമത്സരങ്ങളിൽ 12 പോയിന്റുള്ള കേരളം പട്ടികയിൽ മൂന്നാമതാണ്.