കിലോയ്ക്ക് വില 500 രൂപ വരെ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ ഡിമാൻഡ്
കൊല്ലം: സാമ്പാറിൽ മുങ്ങി തപ്പിയാലും അവിയലിൽ പരതിയാലും ഒരു കഷ്ണം മുരിങ്ങക്കായ കിട്ടില്ലെന്ന സ്ഥിതിയായി. വില പിടിവിട്ട് കുതിച്ചതോടെ രുചി അല്പം കുറഞ്ഞാലും തത്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീട്ടകങ്ങളും ഹോട്ടലുകളും. ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് 450-500 രൂപയായിരുന്ന മുരിങ്ങക്കായ വില പൊതുവിപണിയിൽ 600 വരെയെത്തിയെന്ന് വ്യാപാരികൾ പറയുന്നു.
പൊള്ളുന്ന വിലകാരണം വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളിൽ നിന്ന് മുരിങ്ങക്കായ പതിയെ പതിയെ പുറത്തായി. സാധാരണയായി ഇത് മുരിങ്ങക്കായ സീസണിന്റെ അവസാന ഘട്ടമാണ്. പുതിയ വിളകൾ വരുന്നതുവരെയുള്ള ഈ കാലയളവിൽ ലഭ്യത കുറയും. കൂടാതെ മണ്ഡലകാലത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുരിങ്ങക്കായയ്ക്ക് ഡിമാൻഡും കൂടുതലാണ്. അതിനാൽ എല്ലാവർഷം ഈ സമയം വില ഉയരുന്നത് പതിവാണ്. കൂടാതെ തമിഴ്നാട്ടിൽ ഇടയ്ക്കിടെയുള്ള മഴ ഉത്പാദനത്തെ ബാധിച്ചതായും വ്യാപാരികൾ പറയുന്നു.
വിറ്റുപോകാനുള്ള സാദ്ധ്യത കുറഞ്ഞതിനാൽ വ്യാപാരികൾ മുരിങ്ങയ്ക്ക കൂടുതലായി ഇപ്പോൾ എടുക്കാറില്ല. ചെറിയകടകളിൽ പേരിനുപോലും മുരിങ്ങക്കായ എടുത്തുവയ്ക്കാറില്ല. ഇത്രവലിയ വില നൽകി ആരും വാങ്ങാനില്ലാത്തതിനാൽ മുരിങ്ങക്കായുടെ കാര്യത്തെ പറ്റി ചിന്തിക്കാറേ ഇല്ലെന്നാണ് ചില്ലറ വിൽപ്പനക്കാർ പറയുന്നത്. പുതിയ സ്റ്രോക്ക് എത്തുന്നതുവരെ ഇപ്പോഴത്തെ വില തുടരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ കർഷകർ കൃഷി വർദ്ധിപ്പിച്ചതിനാൽ മാർച്ച്, ഏപ്രിൽ മാസത്തോടെ വിലയിൽ കുറവ് പ്രതീക്ഷിക്കാം.
പിന്നാലെ തക്കാളിയും
തക്കാളി വിലയും കഴിഞ്ഞ ദിവസങ്ങളിൽ കൂടിനിൽക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 30, 35 രൂപയായിരുന്ന തക്കാളിക്ക് 65, 70 രൂപയാണ് ഇപ്പോൾ ഹോൾസെയിൽ വില. 50, 56 രൂപയായിരുന്ന അമരയുടെ വിലയും 100 നോട് അടുക്കുന്നു. 45-50 രൂപയായിരുന്ന വെണ്ടയ്ക്കായുടെ ഹോൾസെയിൽ വില 80 ആയി. ഒരു കിലോ ബീൻസിന് 120 രൂപയാണ് ഇപ്പോഴത്തെ വില. വഴുതനങ്ങ, സവാള, മത്തൻ ഇവയുടെ വിലയിൽ കാര്യമായ മാറ്റമില്ല. തമിഴ്നാട്ടിൽ മഴ തുടർന്നാൽ പച്ചക്കറി വില ഇനിയും ഉയരുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്.
സീസൺ അല്ലാത്തതിനാൽ സാധാരണ ഈ സമയത്ത് മുരിങ്ങക്കായയുടെ വില ഉയർന്ന് നിൽക്കാറുണ്ട്. കാലാവസ്ഥ പ്രതികൂലമായതോടെ ഉത്പാദനവും കുറഞ്ഞു.
എം.ജെ.അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോസിയേഷൻ