തിരൂർ നഗരസഭ നിലനിർത്താൻ യു.ഡി എഫും തിരിച്ച് പിടിക്കാൻ എൽ.ഡി.എഫും
തിരൂർ: യു.ഡി.എഫ് കോട്ടയായ തിരൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ കളത്തിലിറക്കി ഇത്തവണ ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് . കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളുമായി ഭരണം നിലനിറുത്താനാവുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
നിലവിലെ സീറ്റ് വർദ്ധിപ്പിക്കാൻ ബി.ജെ.പിയും അങ്കത്തട്ടിലുണ്ട്. നഗരസഭയിൽ അക്കൗണ്ട് തുറക്കുകയെന്ന മോഹവുമായി എസ്.ഡി.പി.ഐയും യു.ഡി.എഫ് പിന്തുണയോടെ കന്നിജയമുറപ്പിക്കാൻ വെൽഫെയർ പാർട്ടിയും ചില വാർഡുകളിൽ സ്വതന്ത്രരും ആവേശത്തോടെ രംഗത്തെത്തിയതോടെ പോരാട്ടത്തിന് ചൂടേറിയിട്ടുണ്ട്.
ഇത്തവണ രണ്ട് ഡിവിഷനുകൾ വർദ്ധിച്ചിട്ടുണ്ട്. ആകെ 40 സീറ്റുകളിലാണ് പോരാട്ടം.
ആകെ മൂന്നുതവണയാണ് തിരൂർ നഗരസഭ എൽ.ഡി.എഫ് ഭരിച്ചിട്ടുള്ളത്.
കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരൂർ നഗരസഭാ പരിധിയിൽ ലഭിച്ച ലീഡ് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. ജനപ്രിയ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത് തുണയ്ക്കുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. കഴിഞ്ഞ തവണ 38ൽ യു.ഡി.എഫിന് 19ഉം എൽ.ഡി.എഫിന് 16ഉം സീറ്റുകളാണ് ലഭിച്ചത്. ലീഗിന് 16ഉം കോൺഗ്രസിന് മൂന്നും സീറ്റുകൾ ലഭിച്ചു. രണ്ട് യു.ഡി.എഫ് റിബലുകൾ കൂടി പിന്തുണച്ചതോടെ യു.ഡി.എഫിന് 21 സീറ്റുകളായി. എൽ.ഡി.എഫിൽ സി.പി.എമ്മിന് 15ഉം സി.പി.ഐക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. വർഷങ്ങളായി ജയിക്കുന്ന ഒരു സീറ്റാണ് ബി.ജെ.പിക്ക് നിലവിൽ നഗരസഭയിലുള്ളത്. ഇത്തവണ നഗരസഭയിലെ നാലാം വാർഡിൽ എസ്.ഡി.പി.ഐ രംഗത്തുണ്ട്.
വ്യവസായി കീഴേടത്തിൽ ഇബ്രാഹിം ഹാജിയാണ് യു.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയെങ്കിൽ മറ്റൊരു വ്യവസായിയായ ഗഫൂർ പി. ലില്ലീസിനെ മുൻനിറുത്തിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. വികസന തുടർച്ചയ്ക്ക് യു.ഡി.എഫ് വോട്ടഭ്യർത്ഥിക്കുമ്പോൾ വികസന മുരടിപ്പിൽ നിന്ന് മോചനം തേടിയാണ് എൽ.ഡി.എഫ് പ്രചാരണ രംഗത്തുള്ളത്.
യു.ഡി.എഫിന് അപരപ്പാര
യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്ന അപരൻമാർ ഇത്തവണയും രണ്ട് വാർഡുകളിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയും യുത്ത് ലീഗ് നേതാവുമായ കെ.കെ. റിയാസ് മത്സരിക്കുന്ന 25-ാം വാർഡായ ഏഴൂർ വെസ്റ്റിൽ റിയാസ് എന്ന പേരിലുള്ള മൂന്ന് അപരൻമാരുണ്ട്. ആ വാർഡിൽ എൽഡി.എഫിനായി മത്സരിക്കുന്നത് തിരൂരിലെ പ്രമുഖ വ്യവസായി അലി തോട്ടുക്കണ്ണിയാണ്. കഴിഞ്ഞ തവണ അലി തോട്ടുക്കണ്ണിക്കെതിരെ അപരൻമാർ അണിനിരന്നിരുന്നു. പത്തിൽ താഴെ വോട്ടിനാണ് അലി പരാജയപ്പെട്ടത്.
വിഷുപ്പാടം വാർഡായ 36ൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വള്ളിയേക്കൽ മൻസൂർ അലി നേരിടേണ്ടത് മൻസൂർ അലി എന്ന പേരിലുള്ള രണ്ട് അപരൻമാരെയാണ്. അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി.പി എം ജില്ലാ കമ്മിറ്റി അംഗവും കഴിഞ്ഞ തവണ രണ്ട് പ്രാവശ്യം തിരൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട എൽ.ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ ഗഫൂർ.പി. ലില്ലീസാണ്. ഇതോടൊപ്പമാണ് അപന്മാരേയും നേരിടേണ്ട അവസ്ഥ യു.ഡി.എഫിനുള്ളത്. ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. രമ്യ കഴിഞ്ഞ തവണ വെറും 24 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സീതാ ലക്ഷ്മിയോട് പരാജയപ്പെട്ടത്.